ഇടിക്കൂട് ദുരന്തക്കളം ; ജപ്പാനിൽ രണ്ട് ബോക്‌സർമാർക്ക് ദാരുണാന്ത്യം

ഹിറോമാസ ഉറാകാവ / ഷിഗെറ്റോഷി കോറ്റാറി

Sports Desk
Published on Aug 12, 2025, 12:00 AM | 1 min read
ടോക്യോ
ബോക്‌സിങ് കളത്തിൽ വീണ്ടും അപകടം. രണ്ട് ദിവസത്തിനിടെ രണ്ട് ജപ്പാൻ ബോക്‌സിങ് താരങ്ങളാണ് ഇടിയേറ്റ് മരിച്ചത്. ടോക്യോയിൽ ഇൗമാസം രണ്ടിന് നടന്ന ബോക്‌സിങ് മത്സരത്തിനിടെയായിരുന്നു ഇരുവർക്കും അപകടം സംഭവിച്ചത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്‌ത്രക്രിയയും നടത്തി. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.
ഇരുപത്തെട്ട് വയസ്സുള്ള ഷിഗെറ്റോഷി കോറ്റാറിയും ഹിറോമാസ ഉറാകാവയുമാണ് മരിച്ചത്.
ലൈറ്റ്‌വെയ്‌റ്റ് വിഭാഗത്തിൽ യമാറ്റോ ഹാറ്റെയുമായുള്ള മത്സരശേഷം കോറ്റാറി കുഴഞ്ഞുവീഴുകയായിരുന്നു. 12 റൗണ്ടായിരുന്നു മത്സരം. ആശുപത്രിയിൽ എത്തിച്ച് ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കാര്യമുണ്ടായില്ല. യോജി സയ്‌റ്റോയുമായുള്ള മത്സരത്തിനിടെ ഇടിയേറ്റുവീണ ഉറാകാവയ്‌ക്കും സമാനമായ പരിക്കാണ് സംഭവിച്ചത്.
ജപ്പാൻ ബോക്‌സിങ് ഫെഡറേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരങ്ങൾ 12ൽനിന്ന് പത്ത് റൗണ്ടാക്കി കുറച്ചു. ഇൗ വർഷമാദ്യം അയർലൻഡ് ബോക്‌സർ ജോൺ കൂണെയ്‌ക്കും മത്സരത്തിനിടെ പരിക്കേറ്റ് ജീവൻ നഷ്ടമായിരുന്നു.









0 comments