ഏഷ്യാകപ്പ് ബാസ്കറ്റ്ബോൾ ; ഇന്ത്യക്ക് വീണ്ടും തോൽവി

ചെെനയ്--ക്കെതിരെ ഇന്ത്യയുടെ മലയാളി താരം പ്രണവ് പ്രിൻസ് പോയിന്റ് നേടുന്നു

Sports Desk
Published on Aug 08, 2025, 12:00 AM | 1 min read
ജിദ്ദ
ഏഷ്യാകപ്പ് പുരുഷ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം തോൽവി. ചൈന 100–69ന് ജയിച്ചു. ജോർദാനെതിരെ പൊരുതിത്തോറ്റ ഇന്ത്യക്ക് ശക്തരായ ചൈനക്കെതിരെ ചെറുത്തുനിൽപ്പ് സാധ്യമായില്ല. ഇതോടെ ക്വാർട്ടർ സാധ്യതക്ക് മങ്ങലേറ്റു. അവസാന മത്സരത്തിൽ നാളെ ആതിഥേയരായ സൗദി അറേബ്യയെ നേരിടും.
കളിയുടെ പൂർണ നിയന്ത്രണം ചൈനക്കായിരുന്നു. ഏഷ്യൻ റാങ്കിങ്ങിൽ പതിനഞ്ചാമതാണ് ഇന്ത്യ. ചൈനയാകട്ടെ ആറാംസ്ഥാനത്തും. തുടക്കത്തിൽ 29–14ന് മുന്നിൽക്കയറിയ ചൈനയെ പിടിച്ചുകെട്ടാൻ വൈകി. ഇടവേളയിൽ 53–31ന് ലീഡ് ഉയർത്തി. പിന്നീട് ഇന്ത്യ ഉണർന്നുകളിച്ചെങ്കിലും വിജയിക്കാനുള്ള കരുത്തില്ലായിരുന്നു. 17 പോയിന്റ് വീതം നേടിയ മിങ്സുവാൻ ഹുവും ജിയായി സാവോയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യൻ നിരയിൽ അരവിന്ദ് മുത്തുകൃഷ്ണനും മലയാളിയായ പ്രണവ് പ്രിൻസും തിളങ്ങി. അരവിന്ദ് 16 പോയിന്റ് നേടി. പ്രണവിന് 14 പോയിന്റുണ്ട്. മറ്റൊരു മലയാളി വൈശാഖ് കെ മനോജ് കളിക്കാനിറങ്ങിയില്ല.
ഗ്രൂപ്പ് സിയിൽ ചൈന നാല് പോയിന്റുമായി മുന്നിലാണ്. ഇന്ത്യക്കും ജോർദാനും രണ്ട് പോയിന്റുണ്ട്. സൗദിക്ക് ഒരു പോയിന്റ്. ഗ്രൂപ്പ് ജേതാക്കൾ നേരിട്ട് ക്വാർട്ടറിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്ലേഓഫ് കളിക്കാൻ അവസരമുണ്ട്.









0 comments