ഏഷ്യാകപ്പ് ബാസ്‌കറ്റ്‌ബോൾ ; ഇന്ത്യ സെമിക്കരികെ

ഏഷ്യാ കപ്പ് വനിതാ ബാസ--്കറ്റ്ബോളിൽ തഹിതിക്കെതിരെ ഇന്ത്യയുടെ മലയാളി താരം ആർ ശ്രീകല പോയിന്റ് നേടുന്നു

Sports Desk
Published on Jul 17, 2025, 03:24 AM | 1 min read
ബീജിങ്
ഫിബ വനിതാ ഏഷ്യാ കപ്പ് ബാസ്‌കറ്റ്‌ബോളിൽ ജയത്തോടെ ഇന്ത്യ സെമിക്കരികെയെത്തി. തഹിതിയെ 78–-55ന് കീഴടക്കി. മലയാളിയായ ആർ ശ്രീകല തിളങ്ങി. കെഎസ്‌ഇബി താരം 15 പോയിന്റ് നേടി. അനീഷ ക്ലീറ്റസ്, സൂസൻ ഫ്ലോറന്റീന എന്നിവർ ടീമിലെ മറ്റ് മലയാളികളാണ്.
ആദ്യകളിയിൽ കസാഖ്‌സ്ഥാനെ 85–-68ന് തോൽപ്പിച്ച ഇന്ത്യ ചൈനീസ് തായ്‌പേയിയോട് തകർന്നിരുന്നു(39–-83). നിർണായകമത്സരത്തിൽ ശ്രീകലയുടെ പോയിന്റിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. ഒരുവേള 13–-15ന് തഹിതി കയറിവന്നു. എന്നാൽ ഓൾറൗണ്ട് മികവിലൂടെ ഇന്ത്യ 25–-13ലേക്ക് കുതിച്ചു. ഇടവേളയിൽ സ്‌കോർ 46–-25 ആയിരുന്നു. തുടർന്ന് 61–-40ലേക്കും ഏകപക്ഷീയമായ വിജയത്തിലേക്കും മുന്നേറി.
ഇന്ത്യ ഏഷ്യാകപ്പ് ബി ഡിവിഷനിലാണ്. അതിൽ നാല് ടീമുകൾ ഉള്ള എ ഗ്രൂപ്പിൽ. ബി ഗ്രൂപ്പിലെ മൂന്നാംസ്ഥാനക്കാരായ തായ്ലൻഡിനെതിരെയാണ് സെമിഫൈനൽ യോഗ്യതാമത്സരം.
എ ഡിവിഷനിൽ ചൈനയും ദക്ഷിണകൊറിയയും അടക്കം എട്ട് ടീമുകളുണ്ട്. ബി ഡിവിഷൻ ജേതാക്കൾക്ക് അടുത്തവർഷം എ ഡിവിഷനിൽ കളിക്കാം. നാല് വർഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കുന്നത്.









0 comments