ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ ; ജോർദാന് മുന്നിൽ ഇന്ത്യ പൊരുതി വീണു

ഏഷ്യാ കപ്പ് ബാസ്--കറ്റ്ബോളിൽ ജോർദാനെതിരെ ഇന്ത്യയുടെ മലയാളി താരം പ്രണവ് പ്രിൻസിന്റെ (19) മുന്നേറ്റം

Sports Desk
Published on Aug 06, 2025, 12:15 AM | 1 min read
ജിദ്ദ
ഫിബ ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ടീം ആദ്യ മത്സരത്തിൽ പൊരുതിത്തോറ്റു. റാങ്കിങ്ങിൽ മുന്നിലുള്ള ജോർദാൻ 91–84ന് ജയിച്ചു. ഇന്ത്യൻ ടീമിന്റെ ഏഷ്യൻ റാങ്ക് 15 ആണ്. ജോർദാന് എട്ടാം റാങ്ക്. നിശ്ചിതസമയത്ത് സ്കോർ 80–80 ആയിരുന്നു. അധികസമയത്താണ് ജോർദാന്റെ ജയം.
ശക്തരായ എതിരാളികളെ ഇടവേളയിൽ 38–38ന് പിടിച്ചുകെട്ടി. അരവിന്ദ് മുത്തുകൃഷ്ണനും (14) മലയാളിയായ പ്രണവ് പ്രിൻസും (12) ഹർഷ് ദാഗറുമാണ് (12) ഇന്ത്യൻ നിരയിൽ തിളങ്ങിയത്. തുടക്കത്തിൽ 18–14 ലീഡ് പിടിച്ച ജോർദാനെ മികച്ച നീക്കങ്ങളിലൂടെ തളച്ചിടാനായി. ഓരോ പോയിന്റിനുംവേണ്ടി പൊരുതിക്കളിക്കുന്ന കളിക്കാരെയാണ് കണ്ടത്. ജോർദാൻ നിരയിലെ ഡാർ ടക്കറുടെ മാസ്മരിക പ്രകടനം ഇന്ത്യയെ തളർത്തി. നിർണായക ഘട്ടങ്ങളിലെല്ലാം ഇൗ അമേരിക്കൻ വംശജൻ ബാസ്കറ്റ് നിറച്ചു. നിർണായകമായ 30 പോയിന്റാണ് സമ്പാദ്യം.
കളി തീരാൻ മൂന്ന് മിനിറ്റുള്ളപ്പോൾ ജോർദാൻ 76–74ന് മുന്നിൽ കയറി. പ്രിൻസ്പാൽ സിങ്ങിലൂടെ ഇന്ത്യ ഒപ്പമെത്തി. വീണ്ടും 78ലേക്ക് കുതിച്ച ഇന്ത്യയെ ജോർദാൻ അവസാന സെക്കൻഡിൽ തളച്ചു. അവസാന നിമിഷത്തിൽ ഇന്ത്യ നടത്തിയത് ജീവൻമരണ പോരാട്ടമായിരുന്നു. എന്നാൽ ആ മികവ് അധികസമയത്ത് തുടരാനായില്ല. മലയാളിയായ വൈശാഖ് കെ മനോജും കളത്തിൽ ഇറങ്ങി.
അമേരിക്കക്കാരനായ സ്കോട്ട് ഫ്ലെമിങ് പരിശീലിപ്പിക്കുന്ന ടീം നാളെ ചൈനയെ നേരിടും. ശനിയാഴ്ച അവസാന മത്സരം സൗദി അറേബ്യയുമായാണ്.









0 comments