ഏഷ്യാകപ്പ് 3x3 ബാസ്‌കറ്റ്‌ബോൾ ; ഇന്ത്യ ക്വാർട്ടറിൽ

ഇന്ത്യൻ ടീം: കുശാൽ സിങ്, ഹർഷ് ദാഗർ, അരവിന്ദ് മുത്തു, പ്രണവ് പ്രിൻസ്
സിംഗപ്പൂർ : രാജ്യാന്തര ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ ഫിബ സംഘടിപ്പിക്കുന്ന 3x3 ഏഷ്യാകപ്പിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ചൈനീസ് തായ്‌പേയിയെ 21–-18ന് തോൽപ്പിച്ചു. മലയാളിയായ പ്രണവ് പ്രിൻസ്, ഹർഷ് ദാഗർ, കുശാൽ സിങ്, അരവിന്ദ് മുത്തു എന്നിവർ ഉൾപ്പെട്ടതാണ് ടീം. 12 വർഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യ അവസാന എട്ടിൽ ഇടംപിടിക്കുന്നത്.
ക്വാർട്ടറിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളി.ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചൈനയോട് 19–-21ന് പൊരുതിത്തോറ്റു. അതോടെ ഗ്രൂപ്പ് ബിയിൽ ഇന്ത്യ രണ്ടാമതായി. കളി അവസാനിക്കാൻ ഒരു മിനിറ്റും ആറ് സെക്കൻഡുമുള്ളപ്പോൾ അരവിന്ദിന്റെ രണ്ട് ഫ്രീ ത്രോയിലൂടെ ഇന്ത്യ 19–-19 സമനില പിടിച്ചു. അവസാന സെക്കൻഡിൽ ചൈനീസ് താരം രണ്ട് പോയിന്റ് നേടി കളി കീശയിലാക്കി. അരവിന്ദ് പത്ത് പോയിന്റുമായി തിളങ്ങി. ദക്ഷിണ കൊറിയ, മകാവു, ഫിലിപ്പെെൻസ് ടീമുകളെയാണ് ഇന്ത്യ തോൽപ്പിച്ചത്.
ലോകറാങ്കിൽ 11–ാം സ്ഥാനക്കാരായ ചെെനയ്--ക്കെതിരെ മികച്ച പ്രകടനമായിരുന്നു 67–ാമതുള്ള ഇന്ത്യയുടേത്. ഒരു സമയത്ത് ലീഡ് നേടിയിരുന്നു. എന്നാൽ പരിചയസമ്പന്നരായ ചെെനീസ് പടയ്--ക്ക് മുന്നിൽ ഇന്ത്യൻ യുവനിര പൊരുതി വീണു.
ടൂർണമെന്റിലെ നാല് കളിയിൽ മൂന്നിലും ഹാർഷ് ദാഗറിന്റേത് മിന്നുന്ന പ്രകടനമായിരുന്നു. ചെന്നൈയിൽ ഇന്ത്യൻ ബാങ്കിലെ ഉദ്യോഗസ്ഥനായ പ്രണവ് പ്രിൻസ് തിരുവനന്തപുരം സ്വദേശിയാണ്. അഞ്ച് വർഷമായി ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാണ്. യൂത്ത് ടീമിനായുള്ള തകർപ്പൻ പ്രകടനമാണ് ഇരുപത്തിരണ്ടുകാരന് തുണയായത്.









0 comments