വ്യക്തിഗത മികച്ച ദൂരം 6.71 മീറ്റർ , സീസൺ മികച്ച ദൂരം 
6.54 മീറ്റർ

സ്വപ്‌നങ്ങളിലേക്ക്‌ പറക്കാൻ ആൻസി ; വിദേശത്ത്‌ പരിശീലനം തുടരുന്നു

ancy sojan long jump
avatar
ജിജോ ജോർജ്‌

Published on Jul 18, 2025, 12:11 AM | 2 min read


മലപ്പുറം

വനിതകളുടെ ലോങ്‌ജമ്പിൽ പുതിയ ദൂരം ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ്‌ ആൻസി സോജൻ. അതിനായി പരിശീലകൻ അനൂപ്‌ ജോസഫിന്റെ കീഴിൽ യൂറോപ്യൻ പര്യടനത്തിലാണ്‌. വിദേശരാജ്യങ്ങളിലെ പരിശീലനവും മത്സരപരിചയവും രാജ്യാന്തര അത്‌ലറ്റിക്‌ മീറ്റുകളിൽ മികച്ച പ്രകടനത്തിന്‌ വഴിയൊരുക്കും. ചാട്ടത്തിലെ പിഴവുകൾ തിരുത്തിയും പുതിയ പരീക്ഷണങ്ങൾ നടത്തിയും ലോക റാങ്കിങ്ങിൽ മുന്നിലെത്താനാണ്‌ ശ്രമം.


ലോക താരങ്ങൾക്കൊപ്പം മത്സരിക്കുന്നത്‌ നല്ല അനുഭവമാണെന്ന്‌ ആൻസി പറഞ്ഞു. ‘സ്‌പെയിനിലായിരുന്നു ആദ്യത്തെ ആഴ്‌ച. ഇറ്റലിയിൽ മത്സരമുണ്ടായിരുന്നു. അടുത്താഴ്‌ച ജർമനിയിൽ ലോക സർവകലാശാല മീറ്റിൽ പങ്കെടുക്കും. ലോകോത്തര താരങ്ങൾക്കൊപ്പമാണ്‌ മത്സരങ്ങളെല്ലാം. സ്വഭാവികമായും നമ്മുടെ നിലവാരവും ഉയരും. ലോക അത്‌ലറ്റിക്‌സ്‌ റാങ്കിൽ കൂടുതൽ പോയിന്റ്‌ ലഭിക്കാൻ വിദേശത്തെ മത്സരങ്ങൾ സഹായിക്കുമെന്നും ആൻസി പറഞ്ഞു. 28ന്‌ ഇന്ത്യയിൽ തിരിച്ചെത്തും. എട്ടുമാസമായി മുംബൈയിൽ റിലയൻസിന്റെ ജിയോ ഇൻസ്‌റ്റിറ്റ്യൂട്ടിലാണ്‌ പരിശീലനം.


ആറ്‌ മീറ്ററിനുമുകളിൽ അനായാസം ചാടുന്ന ആൻസി 6.80 മീറ്ററിനപ്പുറത്തേക്ക്‌ കുതിക്കാനുള്ള കഠിനശ്രമത്തിലാണ്‌. 2024 ബംഗളൂരു ഓപ്പൺ മീറ്റിലെ 6.71 മീറ്ററാണ്‌ മികച്ച ദൂരം. സ്‌കൂൾ, സർവകലാശാലാ മീറ്റുകളിലെ തിളങ്ങുന താരമായിരുന്ന ഇരുപത്തിനാലുകാരി 2022ലെ ചൈന ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ വെള്ളി (6.63മീറ്റർ) നേടിയതോടെയാണ്‌ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്‌. നാലുവർഷമായി അനൂപ്‌ ജോസഫിന്‌ കീഴിലാണ്‌ പരിശീലനം.


പുതിയ സീസണിൽ മികച്ച പ്രകടനമാണ്‌. ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി (6.33 മീറ്റർ). തായ്‌വാൻ ഓപ്പൺ അത്‌ലറ്റിക്‌സിൽ വെങ്കലമുണ്ട്‌ (6.39 മീറ്റർ). ലോക റാങ്കിൽ 29ൽ എത്തിയിരുന്നു. നിലവിൽ 34–-ാം സ്ഥാനത്താണ്‌. ലോക റാങ്ക്‌ 20ന്‌ താഴേക്ക്‌ കൊണ്ടുവരണമെങ്കിൽ വിദേശമത്സരം അത്യാവശ്യമാണ്‌.


തൃശൂർ നാട്ടിക തൃപ്രയാർ ഇടപ്പള്ളി സോജന്റെയും ജാൻസിയുടെയും മകളാണ്‌. സഹോദരങ്ങൾ: ഡൊമിനിക്‌, അഞ്‌ജലി.


ലോക മീറ്റിന്‌ യോഗ്യത നേടും

‘ലോക മീറ്റിന്‌ യോഗ്യത നേടുക എന്നതാണ്‌ ഈ വർഷത്തെ ലക്ഷ്യം. അത്‌ ആൻസിക്ക്‌ സാധിക്കും. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ദക്ഷിണ കൊറിയയിലെ കാലാവസ്ഥ പ്രതികൂലമായി. 21ന്‌ ലോക സർവകലാശാലാ മീറ്റിൽ പ്രാഥമിക റൗണ്ടും 22ന്‌ ഫൈനലും നടക്കും. 6.80 മീറ്ററാണ്‌ ഈ വർഷത്തെ ലക്ഷ്യം. ലോക മീറ്റ്‌ ആകുമ്പോഴേക്കും ആ ദൂരത്തിൽ എത്താനാകുമെന്നാണ്‌ പ്രതീക്ഷ’.

–അനൂപ്‌ ജോസഫ്‌ 
(പരിശീലകൻ)


2025ലെ പ്രകടനം

മെയ്‌ 10: യുഎഇ 
അത്‌ലറ്റിക്‌സ്‌ ഗ്രാൻഡ്‌പ്രി 6.33 മീറ്റർ

മെയ്‌ 12: യുഎഇ 
അത്‌ലറ്റിക്‌സ്‌ വുമൺ ഗലാ 6.54 മീറ്റർ

മെയ്‌ 29: ദക്ഷിണ കൊറിയ ഏഷ്യൻ ചാമ്പ്യൻഷിപ്പ്‌ 
6.33 മീറ്റർ

ജൂൺ 8: തായ്‌വാൻ 
അത്‌ലറ്റിക്‌സ്‌ ഓപ്പൺ മീറ്റ്‌ 6.39 മീറ്റർ

ജൂലൈ 13: ലോക ടൂർ 
(ഇറ്റലി) 6.36 മീറ്റർ






deshabhimani section

Related News

View More
0 comments
Sort by

Home