പോർച്ചുഗലിലും ശ്രീശങ്കർ

പോർട്ടോ : പരിക്ക് മാറി ചാട്ടം തുടങ്ങിയ എം ശ്രീശങ്കർ സ്വർണക്കുതിപ്പ് തുടരുന്നു. പോർച്ചുഗലിൽ നടന്ന മായിയ ഡെസ്‌പോർട്ടോ അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ 7.75 മീറ്റർ മറികടന്ന് ഒന്നാമതെത്തി. കഴിഞ്ഞയാഴ്‌ച പുണെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ 8.05 മീറ്റർ ചാടി സ്വർണം നേടിയിരുന്നു.
പരിക്ക് മാറി പങ്കെടുത്ത രണ്ട് മീറ്റിലും വിജയം നേടാനായി. ആഗസ്‌ത് രണ്ടിന് കസാഖ്‌സ്ഥാനിൽ നടക്കുന്ന മീറ്റാണ് അടുത്തത്. പോർച്ചുഗലിലെ പോർട്ടോയിൽ നടന്ന മത്സരത്തിൽ എട്ട് പേരാണുണ്ടായിരുന്നത്. ആദ്യ ചാട്ടത്തിൽ 7.63 മീറ്റർ താണ്ടി. രണ്ടാമത്തേതാണ് സ്വർണദൂരം. മൂന്നാമത്തേത് 7.69 മീറ്ററായി കുറഞ്ഞു. നാലാമത്തേത് ഫൗളായി. അഞ്ചാമത്തെ ചാട്ടം ദുർബലമായിരുന്നു(6.12 മീറ്റർ). അവസാനചാട്ടം 7.58 മീറ്റർ. രണ്ടാംസ്ഥാനം നേടിയ പോളണ്ടിന്റെ പീറ്റർ സർകോവ്‌സ്‌കിയും 7.75 മീറ്റർ ചാടി. എന്നാൽ തർകോവ്‌സ്‌കിയുടെ രണ്ടാമത്തെ മികച്ച ചാട്ടം 7.58 മീറ്ററാണ്. ശ്രീശങ്കറിന്റേത് 7.69 മീറ്റർ. രണ്ട് താരങ്ങൾ ഒരേദൂരം കണ്ടെത്തിയാൽ വിജയിയെ നിശ്‌ചയിക്കാൻ രണ്ടാമത്തെ ചാട്ടം പരിഗണിക്കണമെന്നാണ് ചട്ടം. ഓസ്‌ട്രേലിയയുടെ ക്രിസ് മിടെവ്‌സ്‌കി 7.68 മീറ്ററോടെ വെങ്കലം നേടി.
പുണെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ എട്ട് മീറ്റർ മറികടന്നത് ഇരുപത്താറുകാരന്റെ ആത്മവിശ്വാസം ഉയർത്തി. 650 ദിവസത്തെ ഇടവേളക്കുശേഷമായിരുന്നു ആ വിജയം. 2024 പാരിസ് ഒളിമ്പിക്‌സിനുള്ള ഒരുക്കത്തിനിടെയാണ് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ശസ്‌ത്രക്രിയക്കും വിശ്രമത്തിനും ശേഷമാണ് തിരിച്ചുവരവ്.









0 comments