ഇക്വഡോർ കടന്നു, 
അർജന്റീനയ്‌ക്ക്‌ സമനില, ചിലി പുറത്ത്‌

World Cup Qualifiers

ലോകകപ്പ് യോഗ്യത നേടിയ ഇക്വഡോർ താരങ്ങൾ ആഘോഷത്തിനിടെ

avatar
Sports Desk

Published on Jun 12, 2025, 04:03 AM | 1 min read


ബ്യൂണസ്‌ ഐറിസ്‌

ലോക ചാമ്പ്യൻമാരായ അർജന്റീനയ്‌ക്ക്‌ സമനില. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ കൊളംബിയയോട്‌ 1–-1ന്‌ പിരിയുകയായിരുന്നു. ലയണൽ മെസിയും സംഘവും ഒന്നാംസ്ഥാനക്കാരായി തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇക്വഡോറും യോഗ്യത നേടി. ബ്രസീൽ ഉൾപ്പെടെ മൂന്ന്‌ ടീമുകളാണ്‌ മേഖലയിൽനിന്ന്‌ ലോകകപ്പിനെത്തിയത്‌. ഉറുഗ്വേ, പരാഗ്വേ, കൊളംബിയ ടീമുകൾ ഏറെക്കുറെ അടുത്തെത്തി. ചിലി തുടർച്ചയായ മൂന്നാം ലോകകപ്പിനും യോഗ്യത നേടിയില്ല. ഇനി രണ്ട്‌ മത്സരങ്ങളാണ്‌ ശേഷിക്കുന്നത്‌.


സ്വന്തം തട്ടകത്തിൽ ഒരു ഗോളിന്‌ പിന്നിട്ട്‌, പത്ത്‌ പേരായി ചുരുങ്ങിയശേഷമായിരുന്നു അർജന്റീന സമനില നേടിയത്‌. കളി അവസാനിക്കാൻ ഒമ്പത്‌ മിനിറ്റ്‌ ശേഷിക്കെ യുവതാരം തിയാഗോ അൽമാഡ ചാമ്പ്യൻമാരെ രക്ഷിക്കുകയായിരുന്നു. ലൂയിസ്‌ ഡയസിന്റെ ഗോളിൽ കൊളംബിയ ആദ്യ അരമണിക്കൂറിൽ മുന്നിലെത്തി. പലപ്പോഴും കൈയാങ്കളിയിലേക്ക്‌ നീങ്ങിയ കളിയുടെ 70–-ാം മിനിറ്റിൽ അർജന്റീന പത്തുപേരായി ചുരുങ്ങി. കെവിൻ കസ്‌റ്റാനോയെ ഗുരുതരമായി ഫൗൾ ചെയ്‌ത എൺസോ ഫെർണാണ്ടസ്‌ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങി. തോൽവിയിലേക്ക്‌ നീങ്ങിയ ചാമ്പ്യൻമാർക്ക്‌ അൽമാഡ രക്ഷകനായി മാറി. ഈ വർഷം ആദ്യമായി ആദ്യപതിനൊന്നിൽ ഉൾപ്പെട്ട മെസി മുഴുവൻ സമയം കളിച്ചില്ല. 78–-ാം മിനിറ്റിൽ ക്യാപ്‌റ്റനെ പിൻവലിക്കുകയായിരുന്നു.


ഇക്വഡോർ അഞ്ചാം തവണയാണ്‌ ലോകകപ്പിനെത്തുന്നത്‌. നിലവിൽ അർജന്റീനയ്‌ക്ക്‌ പിന്നിൽ രണ്ടാമതാണ്‌ പട്ടികയിൽ. ബൊളീവിയയോട്‌ രണ്ട്‌ ഗോളിനാണ്‌ ചിലിയുടെ മടക്കം. 16 കളിയിൽ രണ്ട്‌ ജയം മാത്രമായി അവസാന സ്ഥാനത്താണ്‌ മുൻ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാർ. വെനസ്വേലയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച ഉറുഗ്വേയ്‌ക്ക്‌ ഒരു പോയിന്റ്‌ മതി യോഗ്യത നേടാൻ. ബ്രസീലിനോട്‌ തോറ്റ പരാഗ്വേയ്‌ക്കും ഒരു പോയിന്റ്‌ മതിയാകും. ആറാമതുള്ള കൊളംബിയയും ഏറെക്കുറെ ഉറപ്പാക്കി. ആറ്‌ ടീമുകൾക്കാണ്‌ നേരിട്ട്‌ യോഗ്യത. ഏഴാമതുള്ള വെനസ്വേലയും എട്ടാമതുള്ള ബൊളീവിയയും ഒറ്റ പോയിന്റ്‌ വ്യത്യാസത്തിലാണ്‌. ഏഴാം സ്ഥാനക്കാർക്ക്‌ പ്ലേ ഓഫ്‌ അവസരമുണ്ട്‌. പെറു ഏറെക്കുറെ പുറത്തായി.



deshabhimani section

Related News

View More
0 comments
Sort by

Home