പുതുചരിത്രം; ലോകകപ്പ് കളിക്കാൻ ഉസ്‌ബെക്കിസ്ഥാനും ജോർദാനും

Jordan Football Association/Uzbekistan Football Association/ facebook.com/photo
അബുദാബി: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലേക്ക് ഉസ്‌ബെക്കിസ്ഥാനും ജോർദാനുമെത്തുന്നു. 2026 ലോകകപ്പിലേക്ക് ഇരുടീമുകളും യോഗ്യത നേടി. ആദ്യമായാണ് ഉസ്‌ബെക്കിസ്ഥാനും ജോർദാനും ലോകകപ്പ് വേദിയിലെത്തുന്നത്. 2026 ലോകകപ്പിലേക്ക് ഏഷ്യയിൽ നിന്ന് എട്ടു ടീമുകൾക്കാണ് യോഗ്യത. നിലവിൽ അഞ്ചു ടീമുകൾ യോഗ്യത നേടി.
2026 ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമെന്ന ബഹുമതി ജപ്പാൻ സ്വന്തമാക്കിയിരുന്നു. തുടർച്ചയായ എട്ടാംലോകകപ്പിനാണ് സാമുറായികള്‍ ടിക്കറ്റുറപ്പിച്ചത്. ദക്ഷിണ കൊറിയ തുടർച്ചയായ പതിനൊന്നാം തവണയും യോഗ്യത കുറിച്ചു. അവർക്ക് പുറമെയാണ് ഇറാനും യോഗ്യത നേടി.
അബുദാബിയിൽ യുഎഇയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് (0– 0) ഉസ്‌ബെക്കിസ്ഥാൻ മുന്നേറിയത്. ഒരു കളി ശേഷിക്കെ ഇറാന് പിന്നിൽ രണ്ടാംസ്ഥാനം ഉറപ്പാക്കിയ ടീം ഒരു കളിമാത്രമാണ് തോറ്റത്. മൂന്നാംസ്ഥാനക്കാരായ യുഎഇക്ക് നാലാം റൗണ്ടിൽ കളിക്കാം. അലി ഒൽവാന്റെ ഹാട്രിക്കിൽ ഒമാനെ മൂന്ന് ഗോളിന് തകർത്താണ് ജോർദാന്റെ മുന്നേറ്റം. ദക്ഷിണ കൊറിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത ഉറപ്പാക്കിയത്. തോൽവിയറിയാതെ കുതിക്കുന്ന കൊറിയ രണ്ട് ഗോളിന് ഇറാഖിനെ കീഴടക്കി ആധിപത്യം കാത്തു.
ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഇറാനെ ഒരു ഗോളിന് ഖത്തർ വീഴ്‌ത്തി. കുവൈറ്റിനെ രണ്ട് ഗോളിന് തോൽപ്പിച്ച പലസ്‌തീൻ പ്രതീക്ഷ കാത്തു. വമ്പൻമാരായ ജപ്പാനെ ഒരു ഗോളിന് തോൽപ്പിച്ച ഓസ്‌ട്രേലിയ യോഗ്യതാ ഏറെക്കുറെ ഉറപ്പാക്കി. ഗ്രൂപ്പ് സിയിൽ ജപ്പാന് പിന്നിൽ രണ്ടാമതാണ് ഓസ്‌ട്രേലിയ. സൗദി അറേബ്യയോടുള്ള അടുത്ത മത്സരത്തിൽ വലിയ സ്കോറിന് തോൽക്കാതിരുന്നാൽ ഓസ്‌ട്രേലിയക്ക് തുടർച്ചയായ അഞ്ചാം ലോകകപ്പ് കളിക്കാം.









0 comments