യമാൽ മാജിക് തുടരുന്നു; ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ നേഷൻസ് ലീഗ് ഫൈനലിൽ

Selección Española de Fútbol (SeFutbol)/facebook.com/photo
ബെർലിൻ: ഗോൾ മഴ തീർത്ത നേഷൻസ് ലീഗ് ഫുട്‌ബോൾ സെമിയിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്കു തോൽപ്പിച്ച് സ്‌പെയിൻ ഫൈനലിൽ. ഇരട്ടഗോളുമായി തിളങ്ങിയ ലമീൻ യമാലിന്റെ കരുത്തിലാണ് സ്പാനിഷ് പട നാഷൻസ് ലീഗ് കലാശപ്പോരിലെത്തുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ സ്പെയിൻ ഫൈനലിൽ പോർച്ചുഗല്ലിനെ നേരിടും. 2019ലെ പ്രഥമ നേഷൻസ് ലീഗിലെ ജേതാക്കളാണ് പോർച്ചുഗൽ. ഞായറാഴ്‌ച സ്‌റ്റുറ്റ്‌ഗർട്ടിലാണ് കിരീടപ്പോരാട്ടം.
ഫ്രാൻസിനെതിരായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്പെയിൻ അക്രമാശക്തമായി. 22-ാം മിനിറ്റിൽ നിക്കോ വില്യംസിലൂടെ ആദ്യ ലീഡെടുത്തു. മൂന്ന് മിനിറ്റിനകം മൈക്കൽ മെറീനോയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയിൽ രണ്ടു ഗോളുകളിന്റെ ആധിപത്യം നേടിയ സ്പെയിൻ രണ്ടാം പകുതിയിലും ഗോളടി തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 54-ാം മിനിറ്റിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാൽറ്റി അനായാസം വലയിലാക്കി യമാൽ ലീഡ് മൂന്നാക്കി. പിന്നാലെ 55-ാം മിനിറ്റിൽ പെഡ്രിയിലൂടെ സ്പെയിൻ വീണ്ടും ഗോൾ നേടിയതോടെ 4-0 ത്തിന്റെ വ്യക്തമായ മേധാവിത്തം നേടി.
കളിയുടെ 59-ാം മിനിറ്റിൽ എംബാപ്പെയിലൂടെ ഫ്രാൻസ് ആദ്യഗോൾ നേടി. ഫ്രാൻസിന് ലഭിച്ച പെനാൽറ്റി എംബാപ്പെ അനായാസം ഗോളാക്കുകയായിരുന്നു. 67-ാം മിനിറ്റിൽ യമാൽ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ സ്പെയിൻ 5-1ന് മുന്നിലെത്തി. 79-ാം മിനിറ്റിൽ റയാൻ ഷെർക്കി ഫ്രാൻസിനായി രണ്ടാം ഗോൾ കണ്ടെത്തി. 84–ാം മിനിറ്റിൽ സ്‌പെയിൻ താരം ഡാനി വിവിയൻ ഓൺഗോൾ വഴങ്ങിയതോടെ അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി ഫ്രാൻസ് നന്നായി പൊരുതി. കളി അവസാനിക്കാനിരിക്കെ റാൻഡൽ കൊളോ മുവാനിയും ഫ്രാൻസിനായി (90+3) ഗോൾ നേടി. ഇതോടെ സ്കോർ 5–4ൽ നിൽക്കെ ഫൈനൽ വിസിൽ മുഴങ്ങി. സ്പെയിൻ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചെന്നു കരുതിയപ്പോഴായിരുന്നു ഫ്രാൻസിന്റെ തിരിച്ചടി.
അതേസമയം കാൽനൂറ്റാണ്ടിനുശേഷം ജർമനിയെ വീഴ്‌ത്തിയാണ് പോർച്ചുഗലിന്റെ ഫൈനൽ പ്രവേശനം. സെമിയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലാണ് ജയം. 2–1ന്റെ ജയത്തോടെ പോർച്ചുഗൽ ഫൈനലിലേക്ക് കുതിച്ചു. ജർമനിയുടെ തട്ടകമായ അലയൻസ് അരീനയിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് പോർച്ചുഗൽ ജയം പിടിച്ചെടുത്തത്. 68-ാം മിനിറ്റിലായിരുന്നു പോർച്ചുഗലിന്റെ ജയമുറപ്പിച്ച റൊണാൾഡോയുടെ ഗോൾ. നാൽപ്പതുകാരന്റെ 137–-ാം രാജ്യാന്തര ഗോൾ. യുവതാരം ഫ്രാൻസിസ്‌കോ കൊൺസെയാവോ പകരക്കാരനായെത്തിയാണ് തകർപ്പൻ ഗോളിലൂടെ സമനിലയൊരുക്കിയത്. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഫ്‌ളോറിയാൻ വിറ്റ്‌സിന്റെ ഗോളിലാണ് ജർമനി ലീഡ് നേടിയത്.









0 comments