നേഷൻസ് കപ്പിൽ നാളെ സ്‌പെയ്‌ൻ x പോർച്ചുഗൽ ഫൈനൽ
യമാൽ ത്രില്ലർ

സ്‌റ്റുട്ട്‌ഗർട്ട്
ഒമ്പത് ഗോൾ ത്രില്ലറിൽ ഫ്രാൻസിനെ 5–-4ന് കീഴടക്കി സ്‌പെയ്‌ൻ നേഷൻസ് കപ്പ് ഫുട്‌ബോൾ ഫൈനലിൽ. നാളെ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലുമായാണ് കിരീടപ്പോരാട്ടം. മൂന്നാംസ്ഥാനത്തിനായി ഫ്രാൻസും ജർമനിയും ഏറ്റുമുട്ടും.
ലമീൻ യമാലിന്റെ ചിറകിൽ കുതിച്ച സ്‌പെയ്‌നിനെ അവസാന നിമിഷങ്ങളിൽ ഫ്രാൻസ് വിരട്ടിയതാണ്. ഒരുഘട്ടത്തിൽ 4–-0ന് മുന്നിലായിരുന്നു സ്‌പെയ്‌ൻ. 67–-ാം മിനിറ്റിൽ 5–-1 ആയിരുന്നു സ്‌കോർ. എന്നാൽ അവസാന 11 മിനിറ്റിൽ മൂന്ന് ഗോളടിച്ച് ഫ്രാൻസ് ഇരമ്പിയെത്തി. പക്ഷേ, സ്‌പെയ്‌ൻ പിടിച്ചുനിന്നു. ഗോൾ കീപ്പർ ഉനായ് സിമോണിന്റെ പ്രകടനം നിർണായകമായി.
ഇരട്ടഗോളുമായി യമാൽ തിളങ്ങി. പെനൽറ്റിയിലൂടെയായിരുന്നു പതിനേഴുകാരന്റെ ആദ്യഗോൾ. കളി തുടങ്ങി അരമണിക്കൂറിൽ സ്‌പെയ്‌ൻ 2–-0ന് മുന്നിലെത്തി. നിക്കോ വില്യംസും മിക്കേൽ മെറീനോയുമാണ് ലക്ഷ്യംകണ്ടത്. പിന്നാലെ യമാലിനെ അഡ്രിയെൻ റാബിയട്ട് ഫൗൾ ചെയ്‌തതിന് പെനൽറ്റി കിട്ടി. യമാലിന്റെ കിക്ക് ഫ്രഞ്ച് ഗോൾ കീപ്പർ മൈക്ക് മിന്യാനെ മറികടന്നു. അടുത്ത നിമിഷം വില്യംസിന്റെ പാസ് പിടിച്ചെടുത്ത് പെഡ്രി സ്‌കോർ 4–-0 ആക്കി.
നാല് മിനിറ്റിനുള്ളിൽ ഫ്രാൻസിന്റെ ആദ്യമറുപടി വന്നു. പെഡ്രോ പോറോയുടെ ഫൗളിൽ പെനൽറ്റി. കിക്ക് എടുത്ത കിലിയൻ എംബാപ്പെയ്‌ക്ക് പിഴച്ചില്ല. 67–-ാം മിനിറ്റിൽ യമാലിന്റെ തകർപ്പൻ ഗോളിൽ സ്‌പെയ്‌ൻ കളിതീർത്തെന്ന് കരുതിയാണ്. എന്നാൽ അവസാന നിമിഷങ്ങളിൽ ഫ്രാൻസ് ആഞ്ഞടിക്കുകയായിരുന്നു.
രങ്ങേറ്റക്കാരൻ റയാൻ ചെർക്കിയായിരുന്നു താരം. പകരക്കാരനായെത്തിയ ഇരുപത്തൊന്നുകാരൻ വിങ്ങർ 20 വാര ദൂരത്തുനിന്നുള്ള കിടിലൻ വോളിയിലൂടെ ഫ്രാൻസിന്റെ ഭാരംകുറച്ചു. എംബാപ്പെയാണ് അവസരമൊരുക്കിയത്. ഇതിനിടെ സ്‌പാനിഷ് പ്രതിരോധക്കാരൻ ഡാനി വിവിയൻ പിഴവുഗോളും വഴങ്ങി. സ്‌കോർ 5–-3.
പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റിൽ ചെർക്കിയുടെ ക്രോസിൽ റൊണ്ടാൽ കോളോ മുവാനി തലവച്ചതോടെ സ്‌പെയ്‌ൻ അപകടം മണത്തു. ശേഷിച്ച നിമിഷങ്ങളിൽ അവർ ജാഗ്രതയോടെ നിന്നു.
ഡിസയർ ദുവെ, ഉസ്‌മാൻ ഡെംബെലെ, റാബിയട്ട് എന്നിവരുടെ ശ്രമങ്ങൾ സിമോൺ തടഞ്ഞു. തിയോ ഹെർണാണ്ടസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. സ്‌പെയ്‌ൻ നിലവിലെ ചാമ്പ്യൻമാരാണ്. ഫ്രാൻസ് 2021ൽ ജേതാക്കളായി.









0 comments