നേഷൻസ് ലീഗ് ഫുട്ബോൾ സെമി ഇന്ന് ; പോർച്ചുഗൽ x ജർമനി


Sports Desk
Published on Jun 04, 2025, 04:26 AM | 1 min read
മ്യൂണിക്
നേഷൻസ് ലീഗ് ഫുട്‌ബോളിൽ കിരീടപ്പോരാട്ടം തുടങ്ങുന്നു. ഇന്ന് ആദ്യ സെമിയിൽ മുൻ ചാമ്പ്യൻമാരായ പോർച്ചുഗൽ ജർമനിയെ നേരിടും. മ്യൂണിക്കിലെ അലിയാൻസ് അരീന സ്‌റ്റേഡിയത്തിൽ രാത്രി ഒമ്പതരയ്‌ക്കാണ് കളി. നാളെ രണ്ടാം സെമിയിൽ ഫ്രാൻസ് സ്‌പെയ്‌നുമായി ഏറ്റുമുട്ടും. ഞായറാഴ്‌ചയാണ് ഫൈനൽ.
ആദ്യ കിരീടം ലക്ഷ്യമിടുന്ന ജർമനിക്ക് സ്വന്തംതട്ടകത്തിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസമുണ്ട്. ക്യാപ്‌റ്റൻ ജോഷ്വാ കിമ്മിച്ചിന്റെ നൂറാം മത്സരംകൂടിയാണിത്. അവസാന രണ്ട് ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജർമനിക്ക് യൂറോ കപ്പിലും നേട്ടമുണ്ടാക്കാനായിട്ടില്ല. ഇത്തവണ നീണ്ടകാലത്തെ നിരാശ മായ്‌ക്കാനുള്ള അവസരമാണ്. പരിക്കേറ്റ ജമാൽ മുസിയാല, അന്റോണിയോ റൂഡിഗർ എന്നിവരുടെ അഭാവം തിരിച്ചടിയാകും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ മികച്ച താരനിരയുമായാണ് എത്തുന്നത്. ചാമ്പ്യൻസ് ലീഗ് നേടിയ പിഎസ്‌ജിയിലെ നൂനോ മെൻഡസ്, വിറ്റീന, ജോയോ നെവെസ്, ഗോൺസാലോ റാമോസ് എന്നിവർ ടീമിലുണ്ട്. രണ്ടാം ട്രോഫിയാണ് ലക്ഷ്യം.









0 comments