നേഷൻസ് ലീഗ് ; എംബാപ്പെ 50 , ഫ്രാൻസിന് ജയം


Sports Desk
Published on Jun 09, 2025, 12:00 AM | 1 min read
സ്‌റ്റുറ്റ്‌ഗർട്ട്
രാജ്യാന്തര ഫുട്‌ബോൾ 50 ഗോൾ തികച്ച കിലിയൻ എംബാപ്പെയുടെ മികവിൽ ഫ്രാൻസിന് തകർപ്പൻ ജയം. നേഷൻസ് ലീഗ് ഫുട്‌ബോളിൽ മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഫ്രാൻസ് രണ്ട് ഗോളിന് ജർമനിയെ കീഴടക്കി. സെമിയിൽ ഫ്രാൻസ് സ്‌പെയ്‌നിനോട് 4–-5ന് തോൽക്കുകയായിരുന്നു. ജർമനി പോർച്ചുഗലിനോടും തോറ്റു (1–-2).
ജർമനിക്കായിരുന്നു കളിയുടെ തുടക്കത്തിൽ ആധിപത്യം. എന്നാൽ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ആദ്യപകുതിയുടെ അവസാന ഘട്ടത്തിലാണ് എംബാപ്പെ ലക്ഷ്യം കണ്ടത്. ഒർലിയെൻ ചൗമെനി അവസരമൊരുക്കി. പിന്നാലെ മിച്ചേൽ ഒലീസെയിലൂടെ ഫ്രാൻസ് പട്ടിക തികച്ചു. എംബാപ്പെയാണ് അവസരമൊരുക്കിയത്. ഗോൾമുഖത്തുനിന്ന് റയൽ മാഡ്രിഡ് മുന്നേറ്റക്കാരൻ നിസ്വാർഥമായി പന്ത് ഒലീസെയ്‌ക്ക് കൈമാറുകയായിരുന്നു.
ജർമനിക്കും അവസരങ്ങൾ കിട്ടി. ഒരുതവണ ഗോൾ നേടിയപ്പോൾ വാർ പരിശോധനയിൽ പിൻവലിക്കപ്പെട്ടു. പിന്നാലെ പെനാൽറ്റി അനുവദിച്ചതും പരിശോധനയിൽ റദ്ദാക്കി.









0 comments