ചാമ്പ്യൻസ് ലീഗ്; ബൊറൂസിയയെ ബാഴ്‌സ തകർത്തു, ആസ്റ്റൺ വില്ലയെ പിഎസ്‌ജിയും

PHOTO: Facebook/Roberto Lewandowski
ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ ക്വാർട്ടർ മത്സരങ്ങളിൽ എഫ് സി ബാഴ്‌സലോണയ്‌ക്കും പിഎസ്‌ജിക്കും വിജയം. ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട് മുണ്ടിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബാഴ്‌സലോണ പരാജയപ്പെടുത്തിയപ്പോൾ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്‌ജിയുടെ വിജയം. ഏപ്രിൽ 15ന് രാത്രിയാണ് രണ്ടാം പാദ മത്സരങ്ങൾ.
ഡോർട്ട്‌മുണ്ടിനെതിരെ ആധികാരിക പ്രകടനമാണ് ബാഴ്‌സലോണ പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ കറ്റാലൻമാർ മൂന്ന് തവണ വല കുലുക്കി. രണ്ട് ഗോൾ നേടിയ റോബർട്ട് ലെവൻഡോസ്‌കിയാണ് കളിയിലെ താരം. കുബാർസിയാണ് ലക്ഷ്യത്തിലേക്ക് ബോൾ തൊടുത്തതെങ്കിലും ഗോൾ ലൈനിൽ നിന്ന് റാഫീന്യ ബോൾ തൊട്ടതോടെ ബാഴ്‌സയുടെ ആദ്യ ഗോൾ ബ്രസീലുകാരന്റെ പേരിലായി. ലാമിൻ യാമാലാണ് നാലാമത്തെ ഗോൾ നേടിയത്.
ഒരു ഗോൾ വഴങ്ങിയതിന് ശേഷമായിരുന്നു ആസ്റ്റൺ വില്ലക്കെതിരെ പിഎസ്‌ജിയുടെ തിരിച്ചുവരവ്. മോർഗൻ റോജേഴ്‌സാണ് ആസ്റ്റൺ വില്ലയുടെ ഗോൾ സ്‌കോറർ. പിഎസ്‌ജിക്കായി ഡെസിരെ ഡൗ, ഹ്വിച്ച ക്വാരസ്‌ഹേലിയ, ന്യൂനോ മെൻഡിസ് എന്നിവരാണ് ഗോളുകൾ നേടിയത്.









0 comments