‘ഈ ക്ലബ്ബാണ് കഴിഞ്ഞ 20 വർഷമായി എന്റെ ജീവിതവും ലോകവും’; അർണോൾഡ് ലിവർപൂൾ വിടുന്നു

PHOTO: Instagram/@trentarnold66

Sports Desk
Published on May 05, 2025, 04:09 PM | 1 min read
ലിവർപൂൾ: ലിവർപൂളിന്റെ ഇംഗ്ലീഷ് പ്രതിരോധ താരം ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ് ഈ സീസണോടെ ക്ലബ്ബ് വിടും. സ്‌പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡായിരിക്കും അർണോൾഡിന്റെ പുതിയ ക്ലബ്ബ്. ലിവർപൂൾ വിടുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ താരം ഔദ്യോഗികമായി അറിയിച്ചു.
20 വർഷത്തിന് ശേഷം ഞാൻ ലിവർപൂൾ വിടുന്നു എന്ന വാക്കുകളിലൂടെ തുടങ്ങുന്ന വീഡിയോയും കുറിപ്പുമാണ് അർണോൾഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ജീവിതത്തിലെടുത്ത ഏറ്റവും കഠിനമേറിയ തീരുമാനമാണിത്. ഈ ക്ലബ്ബാണ് കഴിഞ്ഞ 20 വർഷമായി എന്റെ ജീവിതവും ലോകവും. ലിവർപൂളിന്റെ അക്കാദമിയിലെത്തിയത് മുതൽ ഇന്നുവരെ, ക്ലബ്ബിനകത്തും പുറത്തും നിന്നുമായി എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച പിന്തുണയും സ്നേഹവും ഞാൻ എന്നും കാത്തുസൂക്ഷിക്കും. ഞാൻ നിങ്ങളോടെല്ലാവരോടും എന്നേക്കും കടപ്പെട്ടിരിക്കും.’– അർണോൾഡ് പറഞ്ഞു.
ആറാം വയസിൽ 2004ൽ റെഡ്‌സിന്റെ അക്കാദമിയിലെത്തിയ അർണോൾഡിന്റെ സീനിയർ ടീമിനായുള്ള അരങ്ങേറ്റം 2016ലായിരുന്നു. അരങ്ങേറിയ അന്നുമുതൽ ലിവർപൂളിന്റെ പ്രതിരോധത്തിൽ നിർണായക സാന്നിധ്യമായ അർണോൾഡ് ഒരു ചാമ്പ്യൻസ് ലീഗും രണ്ട് പ്രീമിയർ ലീഗുമുൾപ്പെടെ നിരവധി കിരീടങ്ങൾ ക്ലബ്ബിനൊപ്പം നേടി.
അലക്‌സാണ്ടർ അർണോൾഡിന്റെ അടുത്ത ക്ലബ്ബ് ഏതായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും താരം റയൽ മാഡ്രിഡുമായി കരാറിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. അർണോൾഡിനായി റയൽ നേരത്തെ തന്നെ വല വിരിച്ചിരുന്നു.









0 comments