17 വർഷത്തിന് ശേഷം കിരീടം ചൂടി ടോട്ടനം; യൂറോപ്പ ലീഗ് ഫൈനലിലും യുണൈറ്റഡ് വീണു

ബിൽബാവോ: മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി യൂറോപ്പാ ലീഗ് ഫുട്ബോൾ കിരീടം ടോട്ടനം ഹോട്‌സപറിന്. ഫൈനലിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ടോട്ടനം കിരീടമുയർത്തിയത്. 17 വർഷത്തെ കിരീട വരൾച്ചയ്ക്ക് ഇതോടെ അവസാനമായി. 2008ൽ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കിരീടമാണ് ടോട്ടനം ഒടുവിൽ നേടിയ ചാംപ്യൻഷിപ്പ്.
സ്‌പെയ്‌നിലെ ബിൽബാവോ സാൻ മാമെസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 42-ാം മിനിറ്റിൽ ബ്രെന്നാൻ ജോൺസനാണ് ടോട്ടനത്തിന്റെ വിജയ ഗോൾ നേടിയത്. പന്തിന്റെ നിയന്ത്രണം യുണൈറ്റഡിന്റെ കൈയിലാണെങ്കിലും ഗോൾ മാത്രം കണ്ടെത്തിലായില്ല. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നിരവധി അവസരങ്ങൾ യുണൈറ്റഡിന് ലഭിച്ചത്.
ടോട്ടനത്തിന്റെ മൂന്നാം യുവേഫ യൂറോപ്പ ലീഗ് കിരീടമാണിത്. 1972, 1984 വർഷങ്ങളിലും ടോട്ടനം യൂറോപ്പ ചാമ്പ്യന്മാരായിട്ടുണ്ട്. കിരീട നേട്ടത്തോടെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യതയും ടോട്ടനം നേടി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാണംകെട്ട പ്രകടനം നടത്തിയ യുണൈറ്റഡും ടോട്ടനവും യൂറോപയിൽ തിളങ്ങി. പ്രീമിയർ ലീഗിൽ 16-ാം സ്ഥാനത്താണ് യുണൈറ്റഡ്. ടോട്ടനം പതിനേഴും. എന്നാൽ ഈ ക്ഷീണം ലീഗിൽ കാണിച്ചില്ല. യൂറോപ്പയിൽ പരാജയമറിയാതെയാണ് യുണൈറ്റഡ് ഇത്തവണ ഫൈനലിലേക്ക് മുന്നേറിയത്. എന്നാൽ, യൂറോപ്പ ഫൈനൽ അടക്കം ഈ സീസണിൽ ഇരുടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോളും ടോട്ടനത്തിനായിരുന്നു ജയം.









0 comments