കാത്തിരിപ്പ് അവസാനിപ്പിച്ച് ടോട്ടനം


Sports Desk
Published on May 23, 2025, 04:20 AM | 1 min read
ബിൽബാവോ
പതിനേഴ് വർഷം ആറ്റുനോറ്റ് കാത്തിരുന്നത് വെറുതെയായില്ല. ടോട്ടനം ഹോട്‌സ്‌പർ മനസ്സറിഞ്ഞ് സന്തോഷിച്ചു. നാട്ടുകാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒറ്റ ഗോളിന് വീഴ്‌ത്തി യൂറോപ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻമാരായി. ബ്രെണ്ണൻ ജോൺസണാണ് വിജയശിൽപ്പി. റാസ്‌മസ് ഹേയ്‌ലണ്ടിന്റെ ഹെഡ്ഡർ ഗോൾവരയിൽനിന്നും രക്ഷപ്പെടുത്തിയ പ്രതിരോധക്കാരൻ മിക്കി വാൻ ഡെ വെനും ജയത്തിൽ നിർണായകമായി. 2008ൽ ഇംഗ്ലീഷ് ലീഗ് കപ്പാണ് അവസാനമായി ടോട്ടനം ഉയർത്തിയത്. പിന്നീടങ്ങോട്ട് മികച്ച താരങ്ങളും പരിശീലകരും എത്തിയിട്ടും ഒറ്റ ട്രോഫിയും നേടാനായില്ല. പ്രീമിയർ ലീഗ് സീസണിൽ ദയനീയ പ്രകടനം നടത്തുന്നതിനിടെയാണ് യൂറോപയിലെ പൊന്നുംനേട്ടം. 1984നുശേഷമുള്ള ആദ്യ യൂറോപ്യൻ കിരീടംകൂടിയാണിത്.
പത്ത് വർഷമായി ടോട്ടനം മുന്നേറ്റനിരയിലെ കരുത്തൻ ക്യാപ്‌റ്റൻ സൺ ഹ്യൂങ് മിന്നിനും, രണ്ടാം സീസണിൽതന്നെ ക്ലബ്ബിന് കിരീടം സമ്മാനിച്ച ഓസ്‌ട്രേലിയക്കാരൻ പരിശീലകൻ ആഞ്ച് പൊസ്‌റ്റെകോഗ്ലുവിനും ഈ ജയം സുന്ദരനിമിഷമായി.
പ്രീമിയർ ലീഗിൽ പതിനാറും പതിനേഴും സ്ഥാനത്തുള്ള യുണൈറ്റഡും ടോട്ടനവും തമ്മിലുള്ള കിരീടപ്പോരാട്ടം ആവേശകരമായിരുന്നു. സ്‌പെയ്‌നിലെ ബിൽബാവോ സാൻ മാമെസ് സ്‌റ്റേഡിയത്തിൽ പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം യുണൈറ്റഡ് മുന്നിട്ടുനിന്നു. 74 ശതമാനവും പന്ത് ചെങ്കുപ്പായക്കാരുടെ കാലുകളിലായിരുന്നു.
ലക്ഷ്യത്തിലേക്ക് ആറ് തവണ പന്ത് തൊടുത്തവർ. എന്നാൽ ക്രിസ്റ്റ്യൻ റൊമേറോ നയിച്ച ടോട്ടനം പ്രതിരോധം വിട്ടുകൊടുത്തില്ല. ഇടവേളയ്‌ക്കുമുമ്പ് മത്സരഗതിക്കെതിരെയായിരുന്നു ടോട്ടനത്തിന്റെ ഗോൾ. പാപെ മറ്റാർ സാറിന്റെ ക്രോസ് ജോൺസൺ വലയിലേക്ക് തട്ടിയിട്ടു. ഇതിനിടെ പന്ത് യുണൈറ്റഡ് താരം ലൂക് ഷായിൽ തട്ടിയെങ്കിലും ഗോൾ ജോൺസണിന്റെ പേരിൽ അനുവദിക്കുകയായിരുന്നു.
രണ്ടാംപകുതി ഗോളെന്നുറച്ച ഹോയിലണ്ടിന്റെ ഹെഡ്ഡർ അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ മിക്ക തടഞ്ഞു. പരിക്കുസമയം ലൂക്കിന്റെ ശ്രമം ടോട്ടനം ഗോൾകീപ്പർ ഗുലിയെൽമോ വികാരിയോ രക്ഷപ്പെടുത്തി.
ചാമ്പ്യൻസ് ലീഗിൽ ആറ് ടീമുകൾ
ടോട്ടനം യൂറോപ ലീഗ് ജയിച്ചതോടെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ആറ് ഇംഗ്ലീഷ് ടീമുകളുണ്ടാകും. പ്രീമിയർ ലീഗിൽനിന്ന് ആദ്യ അഞ്ച് സ്ഥാനക്കാർക്കാണ് യോഗ്യത. യൂറോപ ചാമ്പ്യൻമാർ നേരിട്ട് ഉറപ്പിച്ചു.









0 comments