ഓർമകളുടെ മൈതാനം

കലിക്കറ്റ് സർവകലാശാലയുടെ പഴയകാല ഫുട്ബോൾ താരങ്ങൾ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒത്തുകൂടിയപ്പോൾ / ഫോട്ടോ എം എ ശിവപ്രസാദ്
കെ എ നിധിൻ നാഥ്
Published on May 12, 2025, 12:48 AM | 1 min read
തൃശൂർ : തൃശൂർ പാലസ് ഗ്രൗണ്ടിലെ കോർപറേഷൻ സ്‌റ്റേഡിയം ഓർമകളുടെ കളിമുറ്റമായി മാറി. കലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിനായി പലകാലത്തായി മൈതാനത്ത് ഇന്ദ്രജാലം തീർത്തവർ വീണ്ടും ഒത്തുകൂടി ബൂട്ടണിഞ്ഞു. പഴയ കളിയോർമകൾ പൊടി തട്ടിയെടുത്ത് പന്ത് തട്ടി. കലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ് ഫുട്ബോൾ അസോസിയേഷന്റെ (ക്യൂഫ) വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ മത്സരമായിരുന്നു വേദി. ഫുട്‌ബോളിനോട് വിട പറഞ്ഞിട്ട് കാലങ്ങളായെങ്കിലും ഒരുമിച്ച്‌കൂടിയപ്പോൾ എല്ലാവർക്കും കളിയാവേശം.
സേതുമാധവൻ, വിക്ടർ മഞ്ഞില, കെ സി പ്രകാശ്, എം എം ജേക്കബ്, പനക്കാട് ഹമീദ്, ഡാനിയൽ, സി ഉമ്മർ ധനരാജ്, ദേവദാസ്, ഇട്ടി മാത്യു, എൻ കെ സുരേഷ്, സി പി രാജൻ, സതീശൻ, മാത്യു വർഗീസ്, സോളി സേവിയർ, മാർട്ടിൻ മാത്യു, ജോപോൾ അഞ്ചേരി, സി വി പാപ്പച്ചൻ തുടങ്ങിയ പഴയകാല താരങ്ങളുടെ വലിയ നിര കളിക്കാനിറങ്ങി. 31–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിനുശേഷം സൗഹൃദ കൂട്ടായ്‌മയും നടന്നു.
കലിക്കറ്റ് സർവകലാശാല ടീമായി കളിച്ചവരുടെയും സ്ഥിരം പരിശീലകരായവരുടെയും കൂട്ടായ്‌മയാണ് ക്യൂഫ. 175 അംഗങ്ങളാണുള്ളത്. 1992–-93 കാലഘട്ടത്തിൽ സർവകലാശാല ടീമിലുണ്ടായിരുന്ന ദിനേശ് പട്ടേൽ, എം ആർ ബാബു, സി എ ജോൺസൺ, ബിജു ആനന്ദ്, ഷാജഹാൻ എന്നിവർ മരിച്ചു. ഇവരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന ചിന്തയിൽനിന്നാണ് തുടക്കം.
മുൻകാല താരങ്ങളുടെ ക്ഷേമവും ഫുട്ബോളിന്റെ ഉന്നമനവും ലക്ഷ്യമിട്ടാണ് പരിശീലകൻ സി പി എം ഉസ്മാൻ കോയ പ്രസിഡന്റായും വിക്ടർ മഞ്ഞില സെക്രട്ടറിയുമായി 1994ൽ ക്യൂഫ രൂപീകരിക്കുന്നത്. നിലവിൽ ഇവർ തന്നെയാണ് ഭാരവാഹികൾ. സ്‌കൂൾതലം മുതൽ കളിക്കാർക്ക് പരിശീലനവും ഫുട്‌ബോളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാറുകൾ, ശിൽപ്പശാലകൾ തുടങ്ങിയ പരിപാടികൾ സംഘടന സംഘടിപ്പിക്കുന്നുണ്ട്.









0 comments