സൂപ്പർ ലീഗ്‌ കേരള രണ്ടാം സീസണിന് ഒക്ടോബർ രണ്ടിന്‌ കിക്കോഫ്‌

പത്താംനാൾ ഫുട്‌ബോൾ ഉത്സവം

super league kerala

സൂപ്പർ ലീഗ് കേരള ഫുട്ബോളിനായി തയ്യാറെടുക്കുന്ന നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്സി ടീം

avatar
അജിൻ ജി രാജ്‌

Published on Sep 23, 2025, 12:00 AM | 2 min read

കോഴിക്കോട്‌

കേരളത്തിന്റെ ഫുട്‌ബോൾ ഉത്സവം വീണ്ടുമെത്തുന്നു. സൂപ്പർ ലീഗ്‌ കേരള രണ്ടാം സീസൺ ഒക്‌ടോബർ രണ്ടിന്‌ തുടങ്ങും. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ്‌ എഫ്‌സിയും റണ്ണറപ്പായ ഫോഴ്സ കൊച്ചിയും തമ്മിലാണ്‌ ആദ്യ കളി. ഡിസംബർ 14നാണ്‌ ഫൈനൽ. ആറ്‌ ടീമുകളാണ്‌. ആറ്‌ വേദികളും. ആകെ 33 മത്സരങ്ങൾ. എല്ലാം രാത്രി ഏഴരയ്‌ക്ക്‌. കിക്കോഫും സെമിയും ഫൈനലും കോഴിക്കോട്ടാണ്‌. കണ്ണൂർ വാരിയേഴ്‌സ്‌, മലപ്പുറം എഫ്‌സി, തൃശൂർ മാജിക്‌ എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ്‌ എന്നിവയാണ്‌ മറ്റ്‌ ടീമുകൾ. രണ്ടാം പതിപ്പിന്റെ ‍ഒ‍ൗദ്യോഗിക പ്രഖ്യാപനം ദുബായിൽ നടന്നു.

കളം നിറയാൻ ‘സഹോ’

ഫിഫ അംഗീകരിച്ച ഒ‍ൗദ്യോഗിക പന്താണ്‌ ഇത്തവണ ലീഗിന്‌. ‘സഹോ’ എന്നാണ്‌ പേര്‌. ആന സഹ്യപർവതത്തിന്റെ പുത്രനെന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ്‌ ‘സഹോ’ എന്ന വിശേഷണം. ചാമ്പ്യൻമാർക്ക്‌ നൽകുന്ന ട്രോഫിയും ഇതേ പേരിലാണ്‌. ആനയുടെ മാതൃകയിലാണ്‌ വെള്ളിക്കിരീടം.

കളി കാണാം സ‍ൗജന്യമായി

മത്സരങ്ങളെല്ലാം ഓൺലൈൻ വേദിയായ sports.comൽ തത്സമയം സൗജന്യമായി കാണാം. അമേരിക്കൻ മാധ്യമ ഗ്രൂപ്പായ സെഗുമായി (എസ്ഇജിജി) അഞ്ചുവർഷത്തേക്കാണ്‌ സംപ്രേക്ഷണ കരാറിൽ ഒപ്പിട്ടിരിക്കുന്നത്‌. ഏഷ്യയിൽ സെഗ്‌ സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോൾ സംപ്രേക്ഷണാവകാശമാണ്‌. ആഗോള സംപ്രേക്ഷണ, വാണിജ്യ പങ്കാളിയായി സെഗ്‌ മാറും. ആദ്യ സീസണിൽ 13 ദശലക്ഷം കാഴ്‌ചക്കാരുണ്ടായിരുന്നു. ടെലിവിഷനിൽ സോണി നെറ്റ്‌വർക്കിലാണ്‌ സംപ്രേക്ഷണം.

ഒരുങ്ങുന്നു പുതുവേദികൾ

കണ്ണൂർ വാരിയേഴ്‌സിന്റെ തട്ടകമായി കണ്ണൂർ മുൻസിപ്പൽ ജവഹർ സ്‌റ്റേഡിയവും തൃശൂർ മാജിക്‌ എഫ്‌സിയുടെ തട്ടകമായി തൃശൂർ കോർപറേഷൻ സ്‌റ്റേഡിയവുമാണ്‌ പുതിയ വേദികൾ. രണ്ടിടത്തും നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്‌. മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലും കൊച്ചി എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്ര‍ൗണ്ടിലും തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലും കളികളുണ്ട്‌. ആഴ്‌ചയുടെ അവസാന മൂന്ന്‌ ദിവസങ്ങളിലാണ്‌ മത്സരം.

അവസാനവട്ട ഒരുക്കം

ആറ്‌ ടീമുകളും കിരീടം ലക്ഷ്യമിട്ടുള്ള കഠിന പരിശീലനത്തിലാണ്‌. വിദേശ താരങ്ങളെല്ലാം ടീമുകൾക്കൊപ്പം ചേർന്നു. നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ്‌ ടീം ഗോവയിലേക്ക്‌ പറന്നു. എഫ്‌സി ഗോവ, ഡെമ്പോ ഗോവ ടീമുകളുമായി പരിശീലന മത്സരം കളിക്കും. കണ്ണൂർ വാരിയേഴ്‌സ്‌ കണ്ണൂർ പൊലീസ്‌ പരേഡ്‌ ഗ്ര‍ൗണ്ടിലാണ്‌ ഒരുക്കം. മലപ്പുറം ടീമിന്റെ തയ്യാറെടുപ്പ്‌ കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിലാണ്‌. തൃശൂരാകട്ടെ കോർപറേഷൻ പറവട്ടാനി സ്‌റ്റേഡിയത്തിലും. കൊച്ചി പനമ്പള്ളി നഗർ സ്‌ക‍ൂൾ സ്‌റ്റേഡിയത്തിലും. കൊമ്പൻസ്‌ തിരുവനന്തപുരം ജി വി രാജയിലും തയ്യാറെടുക്കുന്നു.

ആറ്‌ ടീമുകൾ

കാലിക്കറ്റ്‌ എഫ്‌സി, ഫോഴ്സ കൊച്ചി, കണ്ണൂർ വാരിയേഴ്‌സ്‌, മലപ്പുറം എഫ്‌സി, തൃശൂർ മാജിക്‌ എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ്‌.


ആദ്യവാര മത്സരങ്ങൾ

ഒക്‌ടോബർ 2– കാലിക്കറ്റ്‌ എഫ്‌സി x ഫോഴ്‌സ കൊച്ചി 
(കോഴിക്കോട്‌)

3–മലപ്പുറം എഫ്‌സി x തൃശൂർ മാജിക്‌ എഫ്‌സി (മഞ്ചേരി)

5–തിരുവനന്തപുരം കൊമ്പൻസ്‌ x 
കണ്ണൂർ വാരിയേഴ്‌സ്‌ (തിരുവനന്തപുരം).



deshabhimani section

Related News

View More
0 comments
Sort by

Home