ഐഎസ്‌എൽ താരങ്ങളെ റാഞ്ചാൻ സൂപ്പർ ലീഗ്‌ കേരള

സൂപ്പറാക്കാൻ ഐഎസ്എൽ താരങ്ങൾ

Super League Kerala
avatar
അജിൻ ജി രാജ്‌

Published on Jul 20, 2025, 02:24 AM | 2 min read


കോഴിക്കോട്‌

സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ രണ്ടാം സീസണിന്‌ സെപ്‌തംബർ 26ന്‌ തുടക്കമാവുകയാണ്‌. നവംബർ അവസാന വാരമാണ്‌ ഫൈനൽ. കേരളത്തിലെ ആദ്യ സമ്പൂർണ പ്രൊഫഷണൽ ലീഗിന്റെ രണ്ടാം പതിപ്പിനായി തയ്യാറെടുക്കുകയാണ്‌ ക്ലബ്ബുകൾ. ആറ്‌ ടീമുകളാണ്‌. ആറ്‌ വേദികളും. ആകെ 33 മത്സരങ്ങളാണ്‌. കിക്കോഫും ഫൈനലും കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌. കലിക്കറ്റ്‌ എഫ്‌സിയാണ്‌ നിലവിലെ ചാമ്പ്യൻമാർ. ഫോഴ്‌സ കൊച്ചി റണ്ണറപ്പാണ്‌. കണ്ണൂർ വാരിയേഴ്‌സ്‌, മലപ്പുറം എഫ്‌സി, തൃശൂർ മാജിക്‌ എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ്‌ എന്നിവയാണ്‌ മറ്റ്‌ ടീമുകൾ.


ടീമുകൾ ഒരുങ്ങുന്നു

പുതിയ സീസണിനായി അണിയറയിൽ ഒരുക്കം തകൃതിയാണ്‌. പരിശീലക സംഘത്തെയും സാങ്കേതിക ടീമിനെയുമെല്ലാം എത്തിക്കാനുള്ള നീക്കത്തിലാണ്‌ ക്ലബ്ബുകൾ. അടുത്ത മാസം ആദ്യത്തോടെ ടീമുകളെല്ലാം പരിശീലകരെ പ്രഖ്യാപിക്കും. കണ്ണൂർ വാരിയേഴ്‌സാണ്‌ തയ്യാറെടുപ്പിൽ ഒരുപടി മുന്നിൽ. സ്‌പാനിഷ്‌ കോച്ച്‌ മാനുവൽ സാഞ്ചസ്‌ മുറിയാസും സഹപരിശീലകൻ എം ഷഫീഖ്‌ ഹസനും തുടരുമെന്ന്‌ ടീം അറിയിച്ചു. മാത്രവുമല്ല മധ്യനിരയിൽ ഒ എം ആസിഫുമായി കരാറിലെത്തുകയും ചെയ്‌തു. പുതിയ പതിപ്പിലേക്ക്‌ ആദ്യമായാണ്‌ ഒരു ടീം കളിക്കാരനുമായി ധാരണയിലെത്തുന്നത്‌. മലയാളി താരമായ ആസിഫ്‌ സ്‌പോർടിങ്‌ ക്ലബ്ബ്‌ ബംഗളൂരുവിൽനിന്നാണ്‌ കണ്ണൂരിൽ എത്തുന്നത്‌. കഴിഞ്ഞ സീസണിൽ ഫോഴ്‌സ കൊച്ചിക്കായി കളിച്ച ടുണീഷ്യൻ ഡിഫൻസീവ്‌ മിഡ്‌ഫീൽഡർ നിദാൽ സയ്‌ദീനായും കണ്ണൂർ ശ്രമിക്കുന്നുണ്ട്‌.


വരുമോ ഐഎസ്‌എൽ താരങ്ങൾ

ഐഎസ്‌എൽ ഫുട്‌ബോൾ പ്രതിസന്ധി മുതലെടുക്കാനുള്ള ശ്രമത്തിലാണ്‌ സൂപ്പർ ലീഗ്‌ ക്ലബ്ബുകൾ. നിലവിൽ ഐഎസ്‌എൽ എന്ന്‌ തുടങ്ങുമെന്ന്‌ വ്യക്തമല്ല. സെപ്‌തംബർ രണ്ടാംവാരമായിരുന്നു നടക്കേണ്ടത്‌. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്‌) ഐഎസ്‌എൽ നടത്തിപ്പുകാരായ ഫുട്‌ബോൾ സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റ്‌ ലിമിറ്റഡും (എഫ്‌എസ്‌ഡിഎൽ) തമ്മിലുള്ള മാസ്‌റ്റേഴ്‌സ്‌ റൈറ്റ്‌സ്‌ കരാർ (എംആർഎ) പുതുക്കുന്നതിലെ ആശയക്കുഴപ്പമാണ്‌ അനിശ്ചിതത്വത്തിന്‌ കാരണം. ഡിസംബറാകാതെ ഒന്നും പറയാനാകാത്ത അവസ്ഥയാണിപ്പോൾ. ഇതോടെ ഐഎസ്‌എൽ താരങ്ങളെ ലക്ഷ്യമിട്ട്‌ സൂപ്പർ ലീഗ്‌ ക്ലബ്ബുകൾ സജീവമായി രംഗത്തുണ്ട്‌. നവംബറിൽ ലീഗ്‌ കഴിയും. മൂന്നുമാസത്തേക്ക്‌ വായ്‌പാടിസ്ഥാനത്തിൽ ഐഎസ്‌എൽ കളിക്കാരെ ടീമിലെത്തിക്കാം.


യുവാക്കളേ ഇതിലേ

മികവുള്ള കൗമാരതാരങ്ങൾക്ക്‌ നേരിട്ട്‌ സൂപ്പർ ലീഗ്‌ കളിക്കാനുള്ള അവസരം ഇത്തവണയുണ്ട്‌. സംസ്ഥാന ടാലന്റ്‌ സ്‌കൗട്ടിങ്‌ സംരംഭമായ ‘ഗെയിം ചെയ്‌ഞ്ചർ’ പദ്ധതിക്ക് തുടക്കമായി. കണ്ണൂരിൽ ആദ്യഘട്ടം കഴിഞ്ഞു. ഇനി കോഴിക്കോട്‌, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ സെലക്ഷൻ ട്രയൽസുണ്ട്‌. കഴിവ്‌ തെളിയിച്ചാൽ പ്രൊഫഷണൽ ഫുട്‌ബോളറാകാം. 23 വയസ്സിനുതാഴെയും മുകളിലുമായുള്ള രണ്ട് വിഭാഗങ്ങളായി തിരിച്ചാണ്‌ ട്രയൽസ്‌. കഴിഞ്ഞ തവണ തെരഞ്ഞെടുത്ത മികച്ച 12 കൗമാരതാരങ്ങൾക്ക്‌ മലേഷ്യയിലെ വിയ്യാറയൽ അക്കാദമിയിൽ പരിശീലനവും നൽകി.




deshabhimani section

Related News

View More
0 comments
Sort by

Home