കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക്കും ഓരോ ഗോളടിച്ച് പിരിഞ്ഞു
print edition സൂപ്പർ ലീഗ് കേരള ; ആവേശ സമനില

കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്--റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക്കിനെതിരെ കണ്ണൂർ വാരിയേഴ്സിന്റെ മുഹമ്മദ് സിനാൻ (ചുവപ്പ് ജേഴ്സി) ഗോൾ നേടുന്നു /ഫോട്ടോ: പി ദിലീപ് കുമാർ
ഫാസിൽ ചോല
Published on Nov 08, 2025, 02:52 AM | 1 min read
കണ്ണൂർ
സൂപ്പർലീഗ് കേരള ഫുട്‌ബോളിൽ ആവേശസമനില. കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക് എഫ്‌സിയും ഓരോ ഗോളടിച്ച് പിരിഞ്ഞു. സ്വന്തം തട്ടകത്തിൽ മുഹമ്മദ് സിനാനിലൂടെ കണ്ണൂർ മുന്നിലെത്തിയെങ്കിലും ബിബിൻ അജയന്റെ പരിക്ക് സമയ ഗോളിൽ തൃശൂർ തിരിച്ചടിച്ചു. അഞ്ച് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. ഒമ്പത് പോയിന്റുള്ള കണ്ണൂർ മൂന്നാമതാണ്. മലപ്പുറമാണ് രണ്ടാംസ്ഥാനത്ത്.
കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ കളിയിൽ ഇരുപതിനായിരത്തോളം കാണികളെ സാക്ഷിയാക്കിയായിരുന്നു ത്രില്ലർ പോരാട്ടം. എന്നാൽ ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ 57–ാം മിനിറ്റിൽ സ്‌റ്റേഡിയത്തെ ഇളക്കിമറിച്ച് കണ്ണൂർ മുന്നിലെത്തി. തൃശൂരിന്റെ പിഴവിൽനിന്നായിരുന്നു നീക്കം. അഡ്രിയാൻ സെർഡിനേരോ കൈമാറിയ പന്തുമായി കുതിച്ച മുഹമ്മദ് സിനാൻ ലക്ഷ്യം കണ്ടു.
കളി അവസാനഘട്ടത്തിലെത്തിയതോടെ ആവേശം ഇരട്ടിയായി. ഇരു പകുതികളിലേക്കും പന്ത് കയറിയിറങ്ങി. പകരക്കാരനായി ഇറങ്ങിയ ഇവാൻ മാർകോവിച്ച് തൃശൂരിനായി പന്ത് വലയിലാക്കിയെങ്കിലും ഓഫ്‌സൈഡ് വിസിൽ മുഴങ്ങി. എന്നാൽ എല്ലാം ആക്രമണത്തിലേക്ക് കൊണ്ടിട്ട തൃശൂരിന്റെ മാജിക് പിന്നാലെയെത്തി. കളി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ തകർപ്പൻ ഹെഡ്ഡറിലൂടെ ബിബിൻ അജയൻ കണ്ണൂരിന്റെ ഹൃദയം തകർത്തു. മുഹമ്മദ് സിനാൻ കളിയിലെ താരമായി.









0 comments