ഗോളടിമേളം ; സൂപ്പർ ലീഗ് കേരള ഫുട്ബോൾ രണ്ടാം പതിപ്പ് നാളെമുതൽ

പന്തുരുളാൻ ഒരു നാൾ... കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിൽ അവസാന മിനുക്കുപണികൾ നടക്കുന്നു /ഫോട്ടോ: മിഥുൻ അനില മിത്രൻ
അജിൻ ജി രാജ്
Published on Oct 01, 2025, 12:30 AM | 2 min read
കോഴിക്കോട്
കേരളത്തിൽ ഇനി ഗോളടിമേളം. ഫുട്‌ബോളിന്റെ 74 ദിനങ്ങളാണ്. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് നാളെ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വിസിൽ മുഴങ്ങും. ആദ്യകളിയിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സി റണ്ണറപ്പുകളായ ഫോഴ്‌സ കൊച്ചിയെ നേരിടും. രാത്രി എട്ട് മണിക്കാണ് പോരാട്ടം.
വർണാഭമായ ഉദ്‌ഘാടന ചടങ്ങ് വൈകിട്ട് ആറിന് തുടങ്ങും. ആറ് ടീമുകളാണ്. ആകെ 33 മത്സരങ്ങൾ. ഓരോ ടീമും സ്വന്തംതട്ടകത്തിലും എതിർതട്ടകത്തിലുമായി രണ്ടുവട്ടം ഏറ്റുമുട്ടും. ആദ്യ നാല് സ്ഥാനക്കാർ സെമിയിൽ. ഡിസംബർ 14നാണ് ഫൈനൽ. കിരീടപ്പോരും കോഴിക്കോട്ടാണ്. സോണി ടെൻ 2വിലും സ്‌പോർട്‌സ്.കോമിലും കാണാം.
കാലിക്കറ്റിനെയും കൊച്ചിയെയും കൂടാതെ കണ്ണൂർ വാരിയേഴ്‌സ്, മലപ്പുറം എഫ്‌സി, തൃശൂർ മാജിക് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എന്നീ ടീമുകളുമുണ്ട്. ഇത്തവണ കണ്ണൂരും തൃശൂരും പുതിയ വേദികളാണ്. എല്ലാ ടീമുകൾക്കും സ്‌റ്റേഡിയമായി എന്നതാണ് സവിശേഷത. റോയ് കൃഷ്ണ (മലപ്പുറം), മാർകസ് ജോസഫ് (തൃശൂർ), അഡ്രിയാൻ സർദിനെറോ (കണ്ണൂർ വാരിയേഴ്‌സ്) തുടങ്ങിയവരാണ് വിദേശനിരയിലെ പ്രമുഖർ. ആദ്യ സീസണിൽനിന്ന് വ്യത്യസ്തമായി കൂടുതൽ ഐഎസ്‌എൽ–ഐ ലീഗ് താരങ്ങളും ഇത്തവണയുണ്ട്. ലെനി റോഡ്രിഗസ്, സുമിത് റാത്തി (ഇരുവരും തൃശൂർ), രഞ്ജൻ സിങ് സലാം (തിരുവനന്തപുരം), സെയ്‌മെൻലെൻ ദുംഗെൽ, അനികേത് ജാദവ്, കെ പ്രശാന്ത്, സച്ചു സിബി (നാലുപേരും കാലിക്കറ്റ്), മൈക്കേ സൂസൈരാജ് (കൊച്ചി) തുടങ്ങിയവരും അരങ്ങേറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്.
ആദ്യ കളിയുടെ ടിക്കറ്റുകൾ www.quickkerala.com വെബ്‌സൈറ്റ് വഴി ലഭ്യമാണ്. ഓരോ ക്ലബ്ബുകളും വ്യത്യസ്ത ഓൺലൈൻ വേദികളിലൂടെയാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്.
കാലിക്കറ്റ് x കൊച്ചി
പൊടിപാറും കിക്കോഫാണ് ഇത്തവണ. കിരീടം നിലനിർത്താനിറങ്ങുന്ന കാലിക്കറ്റും കഴിഞ്ഞ ഫൈനൽ തോൽവിയുടെ മധുരപ്രതികാരത്തിനിറങ്ങുന്ന കൊച്ചിയും നേർക്കുനേർ എത്തുമ്പോൾ ആവേശപ്പോര് ഉറപ്പ്. പുതിയ പരിശീലകനും താരങ്ങളുമാണ് ഇരുടീമിലും.
കാലിക്കറ്റ് അർജന്റീനക്കാരൻ എവെർ അഡ്രിയാനോ ഡെമാൽഡെയ്‌ക്ക് കീഴിലാണ് എത്തുന്നത്. അനികേത് ജാദവ്, കെ പ്രശാന്ത് ഉൾപ്പെടെയുള്ള കരുത്തുറ്റ ഇന്ത്യൻ നിരയും സെബാസ്റ്റ്യൻ റിങ്കൺ, ഫെഡറികോ ബോവാസോ എന്നിവരടങ്ങുന്ന മികച്ച വിദേശ നിരയുമുണ്ട്. കഴിഞ്ഞ സീസണിലെ ഏഴ് താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. കൊച്ചിയാകട്ടെ സ്‌പാനിഷുകാരൻ മിഖേൽ ലാഡോ പ്ലാനയാണ് കോച്ച്. നിജോ ഗിൽബർട്ടാണ് ക്യാപ്‌റ്റൻ. റീഗോ റാമോൺ, ഐകെർ ഹെർണാണ്ടസ് തുടങ്ങിയവരാണ് പ്രധാന വിദേശ കരുത്ത്.








0 comments