ഇന്ത്യൻ ഫുട്ബോൾ 
പ്രതിസന്ധി അവസാനിക്കുന്നു , ഐഎസ്എൽ കരാർ 
മേൽനോട്ടം മുൻ ജഡ്‌ജിക്ക്‌ , കരട്‌ ഭരണഘടനയിൽ 
ഉത്തരവ്‌ പിന്നീട്‌

വിസിൽ മുഴക്കി കോടതി ; സൂപ്പർ കപ്പ്‌ ഇ‍ൗ മാസം, ഐഎസ്‌എൽ ഡിസംബറിൽ

super cup
avatar
Sports Desk

Published on Sep 03, 2025, 12:00 AM | 1 min read


ന്യൂഡൽഹി

ഇന്ത്യൻ ഫുട്‌ബോളിൽ മാസങ്ങളായി നീണ്ടുനിന്ന പ്രതിസന്ധിക്ക്‌ പരിഹാരമായി സുപ്രീംകോടതിയുടെ ഇടക്കാല വിധി. പുതിയ ഫുട്‌ബോൾ സീസൺ തുടങ്ങാനും ഐഎസ്‌എൽ വാണിജ്യപങ്കാളിയെ തുറന്ന ലേലത്തിലൂടെ കണ്ടെത്തി മുൻനിശ്ചയിച്ച പ്രകാരം മത്സരങ്ങൾ തുടങ്ങാനും ജസ്‌റ്റിസുമാരായ പി എസ്‌ നരസിംഹ, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ അനുമതി നൽകി.


അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും(എഐഎഫ്‌എഫ്‌) ഫുട്ബോൾ സ്​പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) തർക്കപരിഹാരത്തിനായി നടത്തിയ ചർച്ച ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയിലെ നിർണായക ചുവടുവയ്‌പ്പാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. കരാർ പ്രകാരമുള്ള പ്രാഥമിക അവകാശങ്ങൾ വിട്ടുനൽകാമെന്ന എഫ്എസ്ഡിഎൽ ഉറപ്പും ഉത്തരവിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഐഎസ്‌എൽ നടത്തിപ്പിനുള്ള വാണിജ്യപങ്കാളിയെ ലേലത്തിലൂടെ കണ്ടെത്തുന്നതിന്‌ സുപ്രീംകോടതി മുൻ ജഡ്‌ജി എൽ നാഗേശ്വര റാവുവിനെ ചുമതലപ്പെടുത്തി. ഒന്നോ രണ്ടോ ഫുട്‌ബോൾ വിദഗ്‌ധരെ റാവുവിനെ സഹായിക്കാൻ എഐഎഫ്‌എഫ്‌ നിയമിക്കണം. ഇതോടെ നേരത്തെ പ്രഖ്യാപിച്ചതുപോലെ ഇ‍ൗ മാസം സൂപ്പർകപ്പും ഡിസംബറിൽ ഐഎസ്‌എല്ലും നടക്കാൻ കളംതെളിഞ്ഞു. ഐഎസ്‌എൽ വാണിജ്യപങ്കാളിയെ വേഗം കണ്ടെത്താൻവേണ്ടിയാണ്‌ സുപ്രീംകോടതിയുടെ ഹ്രസ്വ ഉത്തരവ്‌. ഐഎസ്‌എൽ പ്രതിസന്ധി സാന്പത്തികമായി ബാധിച്ചുവെന്ന ക്ലബ്ബുകളുടെ പരാതിയും പരിഗണിച്ചു.


ഫുട്‌ബോൾ ഫെഡറേഷന്റെ ഭരണഘടന സംബന്ധിച്ച വിധി പിന്നീട്‌ മാത്രമേ പ്രഖ്യാപിക്കൂവെന്ന്‌ കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചും യാതൊരു പരാമർശവും നടത്തിയില്ല. ഒക്‌ടോബർ 31നകം പുതിയ ഭരണഘടന രൂപീകരിച്ചില്ലെങ്കിൽ വിലക്കുമെന്ന ഫി-ഫയുടെ ഭീഷണിയുണ്ട്‌.


കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ ദേശീയ കായിക ഭരണ നിയമത്തിലെ ചട്ടങ്ങൾ ഇനിയും വിജ്ഞാപനം ചെയ്യാത്തതാണ്‌ വിധി പറയാൻ വൈകുന്നതെന്ന്‌ കോടതി അറിയിച്ചു. സ്വയംഭരണം സംബന്ധിച്ച്‌ എഐഎഫ്‌എഫ്‌ ഉയർത്തിയ വാദങ്ങൾ പരിഗണിച്ചശേഷം മാത്രമേ കരട്‌ ഭരണഘടനയിൽ വിധി പ്രഖ്യാപിക്കൂവന്ന്‌ കോടതി വ്യക്തമാക്കി. നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലാണ്‌ കരടുഭരണഘടനയും തയ്യാറാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home