ചരിത്ര വിജയത്തിന് ഫാറൂഖ് എച്ച്‌എസ്‌എസ്
സുബ്രതോ കപ്പ് ഫുട്‌ബോൾ ; കപ്പടിക്കാൻ കേരളം

സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം
സ്‌പോർട്‌സ് ലേഖകൻ
Published on Sep 25, 2025, 03:40 AM | 1 min read
ന്യൂഡൽഹി
രാജ്യത്തെ പ്രമുഖ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റായ സുബ്രതോ കപ്പിനായി കേരളം ഇന്നിറങ്ങുന്നു. കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. അണ്ടർ 17 ആൺകുട്ടികളുടെ ഫൈനലിൽ ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്‌ഇ പബ്ലിക് സ്‌കൂളാണ് എതിരാളി. ന്യൂഡൽഹി അംബേദ്‌കർ സ്‌റ്റേഡിയത്തിൽ വൈകിട്ട് ആറിനാണ് കിരീടപ്പോരാട്ടം. കേരളം ഇതുവരെ സുബ്രതോ കപ്പ് നേടിയിട്ടില്ല.
പി പി മുഹമ്മദ് ജസീം അലി നയിക്കുന്ന ടീം ഒറ്റക്കളിയും തോൽക്കാതെയാണ് ഫൈനലിലെത്തിയത്. ടൂർണമെന്റിൽ 37 ടീമുകൾ എട്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു മത്സരം. സംസ്ഥാന ടീമുകൾക്ക് പുറമേെ ശ്രീലങ്ക, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽനിന്നുള്ള സ്‌കൂൾ ടീമുകളുമുണ്ടായിരുന്നു. ആതിഥേയരായ ഡൽഹിയെ 2–1നും റണ്ണറപ്പായ മേഘാലയയെ 1–1നും കീഴടക്കിയാണ് കേരളം തുടങ്ങിയത്.
ഛത്തീസ്‌ഗഢിനെ ഒരുഗോളിന് തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലേക്ക് മുന്നേറി. ലക്ഷദ്വീപിനെ ഒരുഗോളിന് പരാജയപ്പെടുത്തി സെമിയിൽ കടന്നു. മിസോറമിനെ ഒറ്റഗോളിന് മറികടന്നാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.
കേരളം 11 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് കിരീടപ്പോരിന് അർഹതനേടുന്നത്. മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ 2014ൽ ഫൈനൽ കളിച്ചിട്ടുണ്ട്. അന്ന് ബ്രസീൽ സ്‌കൂൾ ടീമിനോട് ഷൂട്ടൗട്ടിൽ തോറ്റു. 2012ലും എംഎസ്‌പി സ്‌കൂൾ ഫൈനലിലെത്തിയിരുന്നു. എന്നാൽ, ഉക്രെയ്‌നിൽനിന്നുള്ള സ്‌കൂളിനോട് പരാജയപ്പെട്ടു. ടീം പൂർണസജ്ജമാണെന്ന് കോച്ച് വി പി സുനീർ പറഞ്ഞു. ഉത്തരാഖണ്ഡിനെ തന്ത്രങ്ങളിലൂടെ മറികടക്കാമെന്നാണ് പ്രതീക്ഷ. ചരിത്രവിജയത്തിനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടുണ്ടെന്നും കോച്ച് പറഞ്ഞു.









0 comments