സ്പാനിഷ് ലീഗ് ഫുട്ബോൾ ; വിടാതെ റയലും ബാഴ്‌സയും

മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗ് സൂപ്പർ ക്ലൈമാക്സിലേക്ക്. നാല് കളി ബാക്കിനിൽക്കെ കിരീടപോരാട്ടം മുറുകി. ഒന്നാമതുള്ള ബാഴ്‌സലോണയും രണ്ടാമതുള്ള റയൽ മാഡ്രിഡും തമ്മിലുള്ള വ്യത്യാസം നാല് പോയിന്റായി തുടർന്നു. ബാഴ്‌സ റയൽ വല്ലാഡോലിഡിനെ 2–-1ന് തോൽപ്പിച്ചപ്പോൾ റയൽ സെൽറ്റ വീഗോയെ 3–-2ന് മറികടന്നു. 34 കളിയിൽ 79 പോയിന്റാണ് ബാഴ്‌സയ്‌ക്ക്. റയലിന് 75. അത്‌ലറ്റികോ മാഡ്രിഡാണ് (67) മൂന്നാം സ്ഥാനത്ത്.
വല്ലാഡോലിഡിനെതിരെ ആറാം മിനിറ്റിൽ പിന്നിട്ടുനിന്നശേഷമാണ് ബാഴ്‌സ ജയം പിടിച്ചത്. പ്രധാന താരങ്ങളായ റഫീന്യയെയും ലമീൻ യമാലിനെയും ബെഞ്ചിലിരുത്തിയാണ് ബാഴ്‌സ തുടങ്ങിയത്. എന്നാൽ ഇത് തിരിച്ചടിയായി. ഇവാൻ സാഞ്ചെസിലൂടെ വല്ലാഡോലിഡ് ലീഡ് പിടിച്ചു. രണ്ടാംപകുതി ബാഴ്‌സ കോച്ച് ഹാൻസി ഫ്ലിക് പ്രധാന താരങ്ങളെ കളത്തിലിറക്കി. ഇതോടെ കളിമാറി. റഫീന്യ സമനില ഗോൾ നേടി. പിന്നാലെ ഫെർമിൻ ലോപെസ് വിജയമുറപ്പിച്ചു. നാളെ ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനുമായുള്ള രണ്ടാംപാദ സെമിയുണ്ട് ബാഴ്‌സയ്‌ക്ക്.
റയൽ സ്വന്തം തട്ടകത്തിൽ തകർപ്പൻ കളിയായിരുന്നു. ആർദ ഗൂലെറിലൂടെ തുടങ്ങി. ഇരട്ടഗോളോടെ കിലിയൻ എംബാപ്പെ മൂന്ന് ഗോളിന് മുന്നിലെത്തിച്ചു. എന്നാൽ ഹാവി റോഡ്രിഗസും വില്യറ്റ് സെഡ്‌ബെർഗും നേടിയ അതിവേഗ ഗോളിൽ സെൽറ്റ തിരിച്ചടിച്ചു. റയൽ പ്രതിരോധം വിറച്ചെങ്കിലും പിടിച്ചുനിന്നു.









0 comments