സ്--പാനിഷ് ഫുട്ബോൾ 
ലീഗിൽ റയലിന് 
ജയത്തുടക്കം

എംബാപ്പെ 
പെനൽറ്റിയിൽ റയൽ

spanish football league
avatar
Sports Desk

Published on Aug 21, 2025, 12:00 AM | 1 min read


മാഡ്രിഡ്‌

കിലിയൻ എംബാപ്പെയുടെ പെനൽറ്റിയിൽ റയൽ മാഡ്രിഡിന്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വിജയത്തുടക്കം. ഒറ്റ ഗോളിന്‌ ഒസാസുനയെയാണ്‌ തോൽപ്പിച്ചത്‌. മുൻ താരം സാബി അലോൺസോ പരിശീലകനായതിനുശേഷമുള്ള റയലിന്റെ ആദ്യ ലീഗ്‌ മത്സരമായിരുന്നു ഇത്‌.


ഇ‍ൗ സീസണിലെത്തിയ ഇവാരോ കറെറെസ്‌, ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡ്‌, ഡീൻ ഹുയ്‌സെൻ എന്നിവരെ പ്രതിരോധത്തിൽ ഉൾപ്പെടുത്തിയാണ്‌ അലോൺസോ ടീമിനെ ഇറക്കിയത്‌. ക‍ൗമാരക്കാരൻ ഫ്രാങ്കേോ മസ്‌റ്റന്റുവോനോ പകരക്കാരനായി കളത്തിലെത്തി. കളിയിൽ നിയന്ത്രണമുണ്ടായിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഒസാസുന പ്രതിരോധത്തെ തകർക്കാൻ റയലിന്‌ കഴിഞ്ഞില്ല. എംബാപ്പെയുടെ അടി നേരിയ വ്യത്യാസത്തിൽ പുറത്തായി. രണ്ടാംപകുതിയുടെ തുടക്കത്തിൽ മുൻ ചാമ്പ്യൻമാർ ലീഡ്‌ നേടി. എംബാപ്പെയെ ഒസാസുന പ്രതിരോധക്കാരൻ യുവാൻ ക്രുസ്‌ ഫ‍ൗൾ ചെയ്‌തു. കിക്ക്‌ എടുത്ത ഫ്രഞ്ചുകാരന്‌ പിഴച്ചില്ല.


68–ാം മിനിറ്റിലാണ്‌ ബ്രാഹിം ഡയസിന്‌ പകരം മസ്‌റ്റന്റുവോനോ കളത്തിലെത്തിയത്‌. ആരാധകരിൽ ചിലർ അർജന്റീനക്കാരനെ കൂവിവിളിച്ചിരുന്നു. ആദ്യ വാർത്താ സമ്മേളനത്തിൽ അർജന്റീന ക്യാപ്‌റ്റനും മുൻ ബാഴ്‌സലോണ താരവുമായ ലയണൽ മെസിയെ വാഴ്‌ത്തിയതാണ്‌ കാണികളെ ചൊടിപ്പിച്ചത്‌. കളിയുടെ അവസാന ഘട്ടത്തിൽ പതിനെട്ടുകാരന്‌ മികച്ച അവസരം കിട്ടിയെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല. അതേസമയം, കൂടുമാറാനൊരുങ്ങുന്ന ബ്രസീൽ മുന്നേറ്റക്കാരൻ റോഡ്രിഗോയ്‌ക്ക്‌ അലോൺസോ അവസരം നൽകിയില്ല.


ബ്രസീൽ ടീം പരിശീലക സ്ഥാനത്തേക്ക്‌ മാറിയ കാർലോ ആൻസെലോട്ടിക്ക്‌ പകരമാണ്‌ അലോൺസോ റയലിലെത്തിയത്‌. കഴിഞ്ഞ സീസണിൽ ബാഴ്‌സയ്‌ക്ക്‌ പിന്നിൽ രണ്ടാമതായിരുന്നു റയൽ. സ്‌പാനിഷ്‌ സൂപ്പർ കപ്പിലും തോറ്റു.




deshabhimani section

Related News

View More
0 comments
Sort by

Home