ക്ലാസിക്‌ ബഗാൻ

Mohun Bagan Super Giant
വെബ് ഡെസ്ക്

Published on Apr 13, 2025, 11:43 PM | 2 min read

കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോളിലെ സർവാധിപത്യത്തിന്‌ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ഒരിക്കൽക്കൂടി അടിവരയിട്ടു. ഐഎസ്‌എൽ ഷീൽഡും പിന്നാലെ കപ്പും നേടി സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ്‌ കൊൽക്കത്തൻ വമ്പൻമാർ പുറത്തെടുത്തത്‌. ഏറ്റവും മികച്ച വിദേശനിരയും അതിനൊത്ത ആഭ്യന്തര താരങ്ങളുമായിരുന്നു ടീമിൽ. ഹൊസ മൊളീനയെന്ന തന്ത്രശാലിയായ സ്‌പാനിഷ്‌ പരിശീലകൻ ബഗാനെ അജയ്യരാക്കിമാറ്റി. മലയാളി താരങ്ങളായ ആഷിഖ്‌ കുരുണിയന്റെയും സഹൽ അബ്ദുൾ സമദിന്റെയും ഫൈനലിലെ പ്രകടനവും എടുത്തുപറയേണ്ടതാണ്‌. ജാസൺ കമ്മിങ്‌സ്‌, ജാമി മക്‌ലാരൻ, ഗ്രെഗ്‌ സ്‌റ്റുവർട്ട്‌ എന്നീ വിദേശ താരങ്ങളുടെ സ്വാധീനം ബഗാന്‌ കൂടുതൽ കരുത്ത്‌ നൽകി.


കൊൽക്കത്തയിൽ സ്വന്തം തട്ടകത്തിൽ നടന്ന കളിയിൽ ബഗാൻ പലപ്പോഴും താളംകിട്ടാതെ വലഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ പെഡ്രോ കാപോയും ആൽബെർട്ടോ നൊഗുവേരയും റ്യാൻ വില്യംസും എഡ്‌ഗാർ മെൻസിസും ഉൾപ്പെട്ട ബംഗളൂരുവിന്റെ ആക്രമണനിര ബഗാനെ പരീക്ഷിച്ചതാണ്‌. ബഗാൻ മധ്യനിരയിൽ അനിരുദ്ധ്‌ ഥാപ്പയും അപ്പുയയും കളിപിടിക്കാൻ പാടുപെട്ടു. എന്നാൽ കളി പുരോഗമിക്കുന്തോറും മൊളീനയുടെ തന്ത്രങ്ങൾ വിജയംകണ്ടു. അവസാന നിമിഷങ്ങളിൽ കളി പൂർണമായും വരുതിയിലാക്കി.


ഇടവേളയ്‌ക്കുശേഷം മൊളീന നടത്തിയ നിർണായക മാറ്റങ്ങളാണ്‌ കളിഗതി മാറ്റിയത്‌. ആഷിഖിനെയും സഹലിനെയും ഗ്രെഗ്‌ സ്‌റ്റുവർട്ടിനെയും കളത്തിലെത്തിച്ചത്‌ മികച്ച തീരുമാനമായി. തുടർന്നാണ്‌ കളി പൂർണമായും ബഗാന്റെ വരുതിയിൽനിന്നത്‌. ‘ആഷിഖും സഹലും മനോഹരമായ പ്രകടനമാണ്‌ പുറത്തെടുത്തത്‌. ഇരുവരും മികച്ചുകളിച്ചു. മുന്നേറ്റത്തിൽ ആഷിഖ്‌ ഇരട്ടിവീര്യം പകർന്നു. കളിയുടെ അവസാനത്തിൽ പ്രതിരോധത്തിലേക്ക്‌ പിന്മാറി കളിഗതി നിയന്ത്രിച്ചു. സഹൽ നിരവധി അർഥപൂർണമായ നീക്കങ്ങൾ നടത്തി’–- മത്സരശേഷം മൊളീന പറഞ്ഞു. മധ്യനിര താരം സലാഹുദീൻ അദ‍്നാനും ബഗാൻ നിരയിൽ മലയാളിയായുണ്ട്.


ഈ സീസണിൽ 27 കളിയിൽ 52 ഗോളാണ്‌ ബഗാൻ അടിച്ചുകൂട്ടിയത്‌. ജാമി മക്‌ലരാൻ (12), കമ്മിങ്‌സ്‌ (7) എന്നിവരാണ്‌ പ്രധാന ഗോൾവേട്ടക്കാർ. 27ൽ 20 കളിയും ജയിച്ചു. രണ്ട്‌ കളിയിൽമാത്രമാണ്‌ തോറ്റത്‌. അഞ്ച്‌ സമനില. പ്രതിരോധത്തിലും തിളങ്ങി. സുഭാശിഷ്‌ ബോസായിരുന്നു കുന്തമുന. പ്രതിരോധത്തിലും ആക്രമണ നീക്കങ്ങളിലും ക്യാപ്‌റ്റൻ ഒരുപോലെ തിളങ്ങി. ആറ്‌ ഗോൾ സുഭാശിഷിന്റെ പേരിലുണ്ട്‌. സ്‌പാനിഷുകാരൻ ആൽബെർട്ടോ റോഡ്രിഗസാണ്‌ മറ്റൊരു താരം. ഫൈനലിൽ പിഴവുഗോൾ വഴങ്ങിയെങ്കിലും പതറാതെ പന്ത്‌ തട്ടാനായി റോഡ്രിഗസിന്‌. അവസാന നിമിഷങ്ങളിൽ പ്രതിരോധത്തിൽ തകർപ്പൻ കളി പുറത്തെടുത്തു.


ഗോൾ കീപ്പർ വിശാൽ കെയ്‌ത്തിന്റെ പ്രകടനവും നിർണായകമായി. മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടതും വിശാലിനെയാണ്‌. 16 കളിയിൽ ബഗാൻ ഗോൾ വഴങ്ങിയിട്ടില്ല. രണ്ടാമതുള്ള മുംബൈ സിറ്റിയെക്കാൾ ആറെണ്ണം കൂടുതൽ.



deshabhimani section

Related News

View More
0 comments
Sort by

Home