സന്തോഷ്‌ ട്രോഫി കേരളത്തിലേക്ക്‌

santhosh trpy

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ നിരീക്ഷിക്കുന്ന സന്തോഷ് ട്രോഫി ടീം 
സഹപരിശീലകൻ എബിൻ റോസ്, സെലക്ടർമാരായ കെ എൻ അജയൻ, പ്രഹ്ലാദൻ, 
കെ ടി ചാക്കോ എന്നിവർ

avatar
അജിൻ ജി രാജ്‌

Published on Oct 16, 2025, 01:55 AM | 1 min read

കോഴിക്കോട്‌: മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ കേരളത്തിലേക്ക്‌. പുതിയ സീസൺ ഫൈനൽ റ‍ൗണ്ടിന്‌ വേദിയാകും. ജനുവരി ഒന്നുമുതൽ 20വരെയാണ്‌ മത്സരം. എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്ര‍ൗണ്ടാണ്‌ പരിഗണനയിൽ. 2022ൽ മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലാണ്‌ അവസാനമായി ടൂർണമെന്റ്‌ നടന്നത്‌. അന്ന്‌ ഫൈനലിൽ ബംഗാളിനെ ഷൂട്ട‍ൗട്ടിൽ വീഴ്‌ത്തി കേരളം ഏഴാം കിരീടം സ്വന്തമാക്കിയിരുന്നു. അവസാന മൂന്ന്‌ സീസണിലും നിരാശയായിരുന്നു. കഴിഞ്ഞവട്ടം റണ്ണറപ്പായി.


പതിനാലുതവണ സന്തോഷ്‌ ട്രോഫിക്ക്‌ കേരളം ആതിഥേയരായിട്ടുണ്ട്‌. അതിൽ മൂന്നുതവണ ജേതാക്കളുമായി. 1973ൽ ആദ്യമായി ചാമ്പ്യൻമാരാകുന്നത്‌ മഹാരാജാസ്‌ സ്‌റ്റേഡിയത്തിലായിരുന്നു. 1993ലും സ്വന്തംമണ്ണിൽ ജയം ആവർത്തിച്ചു. ഒടുവിൽ 2022ലും.നിലവിലെ റണ്ണറപ്പുകളായതിനാൽ യോഗ്യതാ റ‍ൗണ്ട്‌ കളിക്കാതെ നേരിട്ട്‌ ഫൈനൽ റ‍ൗണ്ടിലെത്താം.ഡിസംബറിൽ രാജ്യത്തെ പലഭാഗങ്ങളിലായി യോഗ്യതാ റ‍ൗണ്ടുകൾ നടക്കും. പത്ത്‌ ഗ്രൂപ്പുകളിലായാണ്‌ മത്സരം. ഗ്രൂപ്പ്‌ ചാമ്പ്യൻമാരും കേരളവും നിലവിലെ ചാമ്പ്യൻമാരായ ബംഗാളും ഉൾപ്പെടെ 12 ടീമുകളാണ്‌ അന്തിമ പോരാട്ടത്തിനിറങ്ങുക. ഫൈനൽ റ‍ൗണ്ടിന്‌ സന്നദ്ധരാണെന്ന്‌ കേരള ഫുട്‌ബോൾ അസോസിയേഷൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ (എഐഎഫ്‌എഫ്‌) ഒ‍ൗദ്യോഗികമായി അറിയിക്കും.


ഡിസംബർ ആദ്യം കേരളത്തിന്റെ പരിശീലന ക്യാമ്പ്‌ ആരംഭിക്കാനാണ്‌ പദ്ധതി. എറണാകുളത്ത്‌ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽനിന്ന്‌ തെരഞ്ഞെടുക്കുന്നവരായിരിക്കും ആദ്യം ക്യാമ്പിൽ. മുഖ്യ സെലക്ടർമാർ ചാമ്പ്യൻഷിപ്‌ നിരീക്ഷിക്കാനെത്തിയിട്ടുണ്ട്‌. ഡിസംബർ 14ന്‌ സൂപ്പർ ലീഗ്‌ കേരള കഴിഞ്ഞാലുടൻ ലീഗിലെ കളിക്കാർ ക്യാമ്പിൽ ചേരും. ഇതിൽനിന്നായിരിക്കും അന്തിമ ടീം തെരഞ്ഞെടുപ്പ്‌. എം ഷഫീഖ്‌ ഹസനാണ്‌ കേരള കോച്ച്‌. കണ്ണൂർ വാരിയേഴ്‌സിന്റെ സഹപരിശീലകൻകൂടിയായ മുപ്പത്തൊമ്പതുകാരൻ സൂപ്പർ ലീഗ്‌ തിരക്കിലാണ്‌. അത്‌ കഴിഞ്ഞാലേ പൂർണ ചുമതലയേറ്റെടുക്കൂ. സഹപരിശീലകൻ എബിൻ റോസ്‌ തുടക്കംമുതൽ ക്യാമ്പിലുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home