ഐഎസ്‌എൽ സൂപ്പർതാരം മലപ്പുറം എഫ്‌സിയിൽ , സൂപ്പർ ലീഗ്‌ കേരളയിൽ കളിക്കാൻ ഒരുങ്ങുന്നു , പരിക്കിനുശേഷമുള്ള തിരിച്ചുവരവ്‌

മലപ്പുറം സുൽത്താനായി
 റോയ്‌ കൃഷ്ണ

roy krishna
avatar
അജിൻ ജി രാജ്‌

Published on Sep 17, 2025, 12:35 AM | 2 min read


കോഴിക്കോട്‌

കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ എന്ന ഭാവത്തിലാണ്‌ റോയ്‌ കൃഷ്ണ. ഐഎസ്‌എൽ ഫുട്‌ബോളിൽ ഇടിമുഴക്കം തീർത്ത മുന്നേറ്റക്കാരൻ ഇനി മലപ്പുറം എഫ്‌സിക്കായി ഗോളടിക്കും. സൂപ്പർ ലീഗ്‌ കേരളയിൽ മലപ്പുറത്തിന്റെ സുൽത്താനായി പടനയിക്കാൻ റോയിയുണ്ട്‌. ന്യൂസിലൻഡിലും ഓസ്‌ട്രേലിയയിലും ഐഎസ്‌എല്ലിലുമെല്ലാം വലനിറച്ചാണ്‌ മുപ്പത്തെട്ടുകാരന്റെ വരവ്‌. 2019മുതൽ ഇന്ത്യയിലുണ്ട്‌. മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌, ബംഗളൂരു എഫ്‌സി, ഒഡിഷ എഫ്‌സി ക്ലബ്ബുകളുടെ കുപ്പായമിട്ടു. പരിക്ക്‌ കാരണം പത്തുമാസമായി കളത്തിന്‌ പുറത്തായിരുന്നു. ഉശിരൻ തിരിച്ചുവരവുകൂടിയാണ്‌ ഫിജി താരത്തിന്റെ ലക്ഷ്യം. സൂപ്പർ ലീഗിനെ കുറിച്ചും മലപ്പുറത്തെപ്പറ്റിയും റോയ്‌ മനസ്സ് തുറക്കുന്നു...

എന്തുകൊണ്ട്‌ സൂപ്പർ ലീഗ്‌ കേരള?

ഒരു കളിക്കാരനെ സംബന്ധിച്ച്‌ എവിടെ കളിക്കുന്നു എന്നത്‌ പ്രസക്തമല്ല. കളിയിലാണ്‌ കാര്യം. പരിക്കു കാരണം വിശ്രമത്തിലായിരുന്നു. ഇ‍ൗ പ്രതിസന്ധി സമയത്ത്‌ മലപ്പുറം എനിക്കായി രംഗത്തുവന്നു. അത്‌ കണ്ടില്ലെന്ന്‌ നടിക്കാനാകില്ല. സൂപ്പർ ലീഗിനെ കുറിച്ച്‌ പറയുകയാണെങ്കിൽ പേരിൽമാത്രമാണ്‌ ‘കേരള ലീഗ്‌’, ശരിക്കും ഇതൊരു ഇന്റർനാഷണലാണ്‌. കളിയും കളിക്കാരുമെല്ലാം ലോകനിലവാരത്തിലുള്ളവർ. കഴിഞ്ഞ സീസൺ ഫൈനൽ ഉൾപ്പെടെ കണ്ടിരുന്നു.

മലപ്പുറവും ആരാധകക്കൂട്ടവും?

കേരളത്തിന്റെ ഫുട്‌ബോൾ സ്‌നേഹം ഇന്ത്യയിൽ എത്തിയ നാൾതൊട്ട്‌ അറിയാം. ഫുട്‌ബോളിനെ നിലവാരത്തോടെ കാണുന്ന ജനതയാണിത്‌. മലപ്പുറമാകട്ടെ അതിന്റെ ഹൃദയവും. വിമാനമിറങ്ങിയ നിമിഷംതൊട്ട്‌ ഇവിടത്തെ ആരാധകരുടെ സ്‌നേഹം അനുഭവിക്കുന്നു. അവർക്ക്‌ നൽകാൻ ഗോളുകളല്ലാതെ മറ്റൊന്നും എന്റെ പക്കലില്ല. മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ കളിക്കാൻ ആവേശപൂ‍ർവം കാത്തിരിക്കുകയാണ്‌.

ടീം, കോച്ച്‌

യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ടീമാണ്‌ ഇത്തവണ. മികച്ച കളി പുറത്തെടുക്കാനാണ്‌ ശ്രമം. ആരാധകർ നിരാശപ്പെടേണ്ടിവരില്ല. കോച്ചും സംഘവുമെല്ലാം നല്ല തയ്യാറെടുപ്പാണ്‌ നടത്തുന്നത്‌. വിദേശ കളിക്കാരും ആഭ്യന്തര താരങ്ങളും ചുരുങ്ങിയ സമയംകൊണ്ട്‌ ഇണങ്ങി. ഇത്‌ കളത്തിൽ ഗുണംചെയ്യും.

മലപ്പുറം സജ്ജം

സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിനായി മലപ്പുറം എഫ്‌സി സജ്ജം. ആറ്‌ വിദേശ താരങ്ങൾ ഉൾപ്പെടെ 25 അംഗ ടീമാണ്‌ നിലവിൽ. കലിക്കറ്റ്‌ സർവകലാശാലയിലാണ്‌ പരിശീലന ക്യാമ്പ്‌. മുപ്പത്തിനാലുകാരനായ സ്‌പാനിഷുകാരൻ മിഗ്വേൽ കോറലാണ്‌ പരിശീലകൻ. സഹപരിശീലകനായി തിരുവനന്തപുരം സ്വദേശി ക്ലിയോഫസ്‌ അലക്‌സുമുണ്ട്‌. കഴിഞ്ഞ തവണ സെമി കാണാതെ പുറത്തായിരുന്നു. ഒക്‌ടോബർ ആദ്യ വാരമാണ്‌ സ‍ൂപ്പർ ലീഗ്‌.



deshabhimani section

Related News

View More
0 comments
Sort by

Home