print edition റെയിൽവേസിന്റെ മലയാളി എഞ്ചിൻ

ദിബ്രുഗഢ്
77–ാം മിനിറ്റിൽ പകരക്കാരനായെത്തുക. 80–ാം മിനിറ്റിൽ ജന്മനാടിനെതിരെ ഗോളടിക്കുക. പി കെ ഫസീന് ഇതിൽപരം സന്തോഷം വെറൊന്നുമില്ല. കേരളത്തിനെതിരെ റെയിൽവേസിന്റെ സമനില ഗോൾ മലപ്പുറത്തുകാരന്റെ വകയാണ്. അരീക്കോട് കുനിയിലാണ് പ്രതിരോധക്കാരന്റെ വീട്. 2022 ദേശീയ ഗെയിംസിൽ കേരളത്തിന്റെ പ്രതിരോധം കാത്ത ഫസീൻ കഴിഞ്ഞ സീസണിലാണ് റെയിൽവേസിലേക്ക് കൂടുമാറിയത്.
ഇത് രണ്ടാം സന്തോഷ് ട്രോഫിയാണ്. സർവീസസിനെതിരായ ആദ്യ കളിയിലും പകരക്കാരനായി കളത്തിലെത്തി. ‘വലിയ സന്തോഷമുണ്ട്. ടീമിനെ തോൽവിയിൽനിന്നും രക്ഷിച്ചതിൽ അഭിമാനം. കേരളത്തിന് അടുത്ത മത്സരങ്ങളിൽ എല്ലാ ആശംസകളും’–മത്സരശേഷം ഇരുപത്തഞ്ചുകാരൻ പറഞ്ഞു. സെപ്‌റ്റ് അക്കാദമിയിലൂടെ കളി തുടങ്ങിയ പ്രതിരോധക്കാരൻ 2017 മുതൽ 2023 വരെ തിരുവനന്തപുരം സായിയിലായിരുന്നു. പി അജ്‌മലിന്റെയും വി റസീനയുടെയും മകനാണ്.
ഫസീനെ കൂടാതെ ഗോൾകീപ്പർ ടി ക്രിസ്‌തുരാജനും വിങ്ങർ കെ അബ്‌ദുറഹീമും റെയിൽവേസിലെ മലയാളി താരങ്ങളാണ്.
മത്സരം മാറ്റി, ഒഡിഷയോട് 27ന്
നാളെ നടക്കേണ്ടിയിരുന്ന കേരളത്തിന്റെ ഒഡിഷയുമായുള്ള മത്സരം 27ലേക്ക് മാറ്റി. റിപ്പബ്ലിക് ദിനമായതിനാൽ ഗ്രൂപ്പ് ബിയിൽ നാളെ തീരുമാനിച്ച മൂന്ന് മത്സരവും മാറ്റി. ധകുവാഖാന സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ് കേരളം ഒഡിഷയെ നേരിടുന്നത്.
29ന് മേഘാലയയുമായും 31ന് സർവീസസുമായാണ് മറ്റ് മത്സരങ്ങൾ.
സന്ദീപിന് പരിക്ക്
കേരളത്തിന് തിരിച്ചടിയായി പ്രതിരോധക്കാരൻ എസ് സന്ദീപിന്റെ പരിക്ക്. റെയിൽവേസിനെതിരെ 71–ാം മിനിറ്റിൽ എതിർ ബോക്‌സിൽ ഹെഡ്ഡറിന് ശ്രമിക്കുന്നതിനിടെ വീണ് ഇടതുകാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ താരത്തെ സ്‌ട്രക്‌ചറിലാണ് കൊണ്ടുപോയത്. രണ്ട് കളിയിലും സ്ഥിരതയാർന്ന പ്രകടനമായിരുന്നു. പഞ്ചാബിനെതിരെ ഒരു ഗോളിന് വഴിയൊരുക്കി.










0 comments