സ്വന്തം പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയോ? വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് വിസ്മയ മോഹൻലാൽ

വിസ്മയ മോഹൻലാൽ (ഇടത്), വിസ്മയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി (വലത്)
തിരുവനന്തപുരം: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന യുവജന പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ. വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനെ പൊലീസിനെ ഉപയോഗിച്ച് അതിക്രൂരമായി നേരിട്ട്, അടിച്ചമർത്താൻ ശ്രമിച്ച കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വിസ്മയയുടെ പ്രതികരണം. ശബ്ദമുയർത്തുന്ന പൗരന്മാരോടുള്ള പ്രതികരണം അടിച്ചമർത്തലാണെങ്കിൽ, നാം എത്തരത്തിലുള്ള ജനാധിപത്യത്തിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് വിസ്മയ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചോദിക്കുന്നു.
വിസ്മയ മോഹൻലാൽ പങ്കിട്ട പോസ്റ്റ് ഇങ്ങനെ
കണ്ണീർ വാതകം. ലാത്തിച്ചാർജ്. പരിക്കേറ്റ വിദ്യാർത്ഥികൾ. തടസ്സപ്പെട്ട റോഡുകൾ. മെട്രോ സ്റ്റേഷനുകൾ അടച്ചു. നഗരത്തിലുടനീളം ശക്തമായ ബാരിക്കേഡുകൾ. ഇൻറർനെറ്റ് വിച്ഛേദിക്കൽ.
സമരക്കാരോട് നിങ്ങൾ യോജിക്കണമെന്നില്ല. അവരുടെ ആവശ്യങ്ങളെ നിങ്ങൾ പിന്തുണയ്ക്കണമെന്നില്ല. അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നില്ല.
എന്നാൽ ശബ്ദമുയർത്തുന്ന പൗരന്മാരോടുള്ള പ്രതികരണം ചർച്ചകൾക്ക് പകരം അടിച്ചമർത്തലാണെങ്കിൽ, നാം എത് തരത്തിലുള്ള ജനാധിപത്യത്തിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് നമ്മളോരോരുതരും ചിന്തിക്കേണ്ടതുണ്ട്.
കാരണം നാളെ, കേൾക്കപ്പെടാൻ ആവശ്യപ്പെടുന്നത് നിങ്ങളായിരിക്കാം. നിങ്ങളുടെ നഗരം. നിങ്ങളുടെ അയൽപക്കം. നിങ്ങളുടെ സ്വന്തം കുടുംബം.
നിങ്ങളോരോരുത്തരോടുമുള്ള എന്റെ ചോദ്യം ലളിതമാണ്: ഒരു ജനാധിപത്യരാജ്യം അതിന്റെ സ്വന്തം പൗരന്മാരോട് ഇത്തരത്തിലാണോ പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ?










0 comments