ജന്തർമന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ഡൽഹി പൊലീസ് നടത്തിയ ആക്രമണത്തെ അപലപിച്ച് എഐഎൽയു

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുകയും പാർലമെന്റിലേക്ക് മാർച്ച് ചെയ്യുകയും ചെയ്ത വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ ഡൽഹി പൊലീസും മറ്റ് സേനകളും നടത്തിയ ക്രൂരമായ ലാത്തിച്ചാർജും അതിക്രമങ്ങളും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ശക്തമായി അപലപിച്ചു.
ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് എഐഎൽയു വ്യക്തമാക്കി.
സമാധാനപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും ശാരീരികമായി ആക്രമിക്കുകയും അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും ഭയപ്പെടുത്തുകയും ചെയ്ത നടപടി ഭരണഘടനാനുസൃതമായ ജനാധിപത്യ വ്യവസ്ഥയിൽ തീർത്തും സ്വീകാര്യവുമല്ലെന്നും അപലപനീയവുമാണെന്ന് യൂണിയൻ ചൂണ്ടിക്കാണിച്ചു.
മാധ്യമപ്രവർത്തകർ പോലും ആക്രമണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ലെന്നും, പൊലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങൾ മൊബൈലുകളിലും ക്യാമറകളിലും പകർത്തുന്നത് തടയുകയും ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തത് ഗൗരവകരമാണെന്നും എഐഎൽയു കുറ്റപ്പെടുത്തി.
സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ എടുത്ത എല്ലാ വ്യാജ കേസുകളും പിൻവലിക്കണമെന്നും, അമിതമായി ബലപ്രയോഗം നടത്തുകയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എഐഎൽയു ആവശ്യപ്പെട്ടു.
പൗരന്റെ മൗലികാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി പോരാടുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഒപ്പം പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സംഘടന വ്യക്തമാക്കി.










0 comments