‘ഇങ്ങനെയല്ല ജനാധിപത്യം പ്രവർത്തിക്കേണ്ടത്’; ലാത്തിച്ചാർജിന് നടുവിൽ രഞ്ജിനിയും സിജയും നോയ്‌ലയും

രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവർ ജന്തര്‍ മന്തറില്‍
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കൊപ്പം പങ്കെടുത്ത് രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവർ. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ലാത്തിച്ചാർജും കണ്ണീർവാതകവും ഉപയോഗിച്ചാണ് പൊലീസ് നേരിട്ടതെന്നും തനിക്കും അടി കിട്ടേണ്ട സാഹചര്യമുണ്ടായെന്നും രഞ്ജിനി പറഞ്ഞു.
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിലെ ക്രമക്കേടുകളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കേൾക്കാൻ പോലും സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്ന് രഞ്ജിനി പറഞ്ഞു. ഗ്രാമങ്ങളിൽ കൂലിപ്പണിയെടുത്ത് സമ്പാദിക്കുന്ന പണംകൊണ്ടാണ് പല മാതാപിതാക്കളും മക്കളെ പഠിപ്പിക്കുന്നത്. പരീക്ഷാക്രമക്കേടുകളെ തുടർന്ന് വിദ്യാർഥികൾ ജീവനൊടുക്കുന്ന സാഹചര്യമുണ്ടായിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു.
ജന്തർ മന്തറിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചതായി രഞ്ജിനി പറഞ്ഞു. ബാരിക്കേഡ് മറികടന്ന് നീങ്ങിയവർക്കുനേരെ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അടി കിട്ടിയ വിദ്യാർഥികൾക്ക് വെള്ളം നൽകാൻപോലും കഴിയാത്ത സാഹചര്യമുണ്ടായി.
പ്രതിഷേധസ്ഥലത്തിന്റെ മുന്നിലും പിന്നിലും പൊലീസ് നിലയുറപ്പിച്ചതോടെ അകത്തുണ്ടായിരുന്നവർക്ക് പുറത്തുപോകാനോ പുറത്തുള്ളവർക്ക് അകത്തേക്ക് പ്രവേശിക്കാനോ കഴിഞ്ഞില്ല. വെള്ളവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും തടഞ്ഞ് സമരക്കാരെ ക്ഷീണിപ്പിക്കാനാണ് ശ്രമിച്ചതെന്നും രഞ്ജിനി പറഞ്ഞു.
'പാർട്ടിക്കെതിരെയല്ല, സർക്കാരിന്റെ നിലപാടിനെതിരെയാണ് സംസാരിക്കുന്നതെന്നും അതിനെ എന്തിനാണ് ഭയക്കുന്നതെന്നും രഞ്ജിനി ചോദിച്ചു. വിദ്യാർഥികൾ ആവശ്യപ്പെടുന്നത് വിദ്യാഭ്യാസമന്ത്രിയുടെ രാജിയും പരീക്ഷാക്രമക്കേടുകളിൽ ഇരകളായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും സർക്കാരുമായുള്ള ചർച്ചയുമാണ്. അവരുമായി ഒരുതവണ സംസാരിക്കാൻപോലും സർക്കാർ തയ്യാറാകാത്തത് അവിശ്വസനീയമാണ്.'
'പ്രതിഷേധക്കാർക്കായി വെള്ളം വാങ്ങാൻ പുറത്തുപോയപ്പോഴുണ്ടായ അനുഭവം സിജ റോസും പങ്കുവച്ചു. പുറത്തുപോയാൽ തിരികെ പ്രവേശിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ സഹകരിച്ചെങ്കിലും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ സമീപനം വ്യത്യസ്തമായിരുന്നെന്നും സിജ പറഞ്ഞു. കൊണ്ടുവന്ന വെള്ളം നിമിഷങ്ങൾക്കുള്ളിൽ തീർന്നുപോയതായും അവർ പറഞ്ഞു.
പൊലീസ് നടപടികൾ നേരിൽ കണ്ടതിന്റെ ആഘാതം പങ്കുവച്ച് താൻ സുരക്ഷിതയാണെങ്കിലും മാനസികമായി തകർന്നിരിക്കുകയാണെന്ന് നോയ്‌ല ഫ്രാൻസി പറഞ്ഞു. വളരെ ദൂരത്തുനിന്നും പണമില്ലാതെയും നിരവധി യുവാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. തന്റെ മുന്നിലൂടെ പലരെയും വലിച്ചിഴച്ച് കൊണ്ടുപോയെന്നും ചോരയൊലിക്കുന്ന വിദ്യാർഥികളെ കണ്ടത് സഹിക്കാനായില്ലെന്നും അവർ പറഞ്ഞു.
സമാധാനപരമായി ധർണ നടത്തിയിരുന്നവർക്കുനേരെ പൊലീസ് ക്രൂരമായി പെരുമാറുകയായിരുന്നു. പ്രതിഷേധം വിജയിച്ചോ പരാജയപ്പെട്ടോ എന്ന് പറയാനാകില്ലെങ്കിലും ഒരു ജനാധിപത്യരാജ്യം ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്ന് നോയ്‌ല പറഞ്ഞു.
പൊലീസ് വൈകിട്ട് ഒഴിപ്പിക്കുകയും വേദി പൊളിക്കുകയും ചെയ്ത ജന്തർ മന്തറിലേക്ക് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും പ്രവർത്തകരും രാത്രിയോടെ തിരിച്ചെത്തി. ബാനറുകൾ വീണ്ടും സ്ഥാപിച്ച സമരക്കാർ സർക്കാർ ഉറപ്പ് നൽകാത്ത സാഹചര്യത്തിൽ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ചു.










0 comments