ഗ്വാർഡിയോളയ്‌ക്ക് വിജയസമ്മാനം , ലിവർപൂളിനെ തകർത്തു
print edition പെപ്, സമ്മാനം


Sports Desk
Published on Nov 11, 2025, 12:00 AM | 2 min read
ലണ്ടൻ
പരിശീലക കുപ്പായത്തിലെ ആയിരാമത്തെ മത്സരത്തിൽ പെപ് ഗ്വാർഡിയോളയ്‌ക്കായി വന്പൻജയമൊരുക്കി കളിക്കാർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ നിലവിലെ ചാന്പ്യൻമാരായ ലിവർപൂളിനെ മൂന്ന് ഗോളിനാണ് ഗ്വാർഡിയോളയുടെ മാഞ്ചസ്‌റ്റർ സിറ്റി തകർത്തുവിട്ടത്. രണ്ടാംസ്ഥാനത്തേക്കുയർന്ന സിറ്റി, ഒന്നാമതുള്ള അഴ്സണലുമായുള്ള അന്തരം നാല് പോയിന്റാക്കി ചുരുക്കുകയും ചെയ്‌തു.
അവസാന പത്ത് കളിയിൽ ഏഴാം തോൽവിയാണ് ലിവർപൂളിന്. തുടർച്ചയായ മോശം പ്രകടനങ്ങൾക്കുശേഷം ആസ്‌റ്റൺ വില്ലയെ കീഴടക്കിയായിരുന്നു തിരിച്ചുവന്നത്. പിന്നാലെ ചാന്പ്യൻസ് ലീഗിൽ സ്‌പാനിഷ് വന്പൻമാരായ റയൽ മാഡ്രിഡിനെയും വീഴ്‌ത്തി. പക്ഷേ, സിറ്റിക്ക് മുന്നിൽ ചിതറിപ്പോയ ലിവർപൂളിനെയാണ് കണ്ടത്.
സ്വന്തം തട്ടകത്തിൽ തകർപ്പൻ കളിയായിരുന്നു സിറ്റിയുടേത്. എർലിങ് ഹാലണ്ട്, നിക്കോ ഗൊൺസാലെസ്, ജെറെമി ഡൊകു എന്നിവർ ലക്ഷ്യം കണ്ടു.
കളിയുടെ തുടക്കത്തിൽ കിട്ടിയ അവസരം ഹാലണ്ട് പാഴാക്കിയിരുന്നു. ഡൊക്കുവിനെ ലിവർപൂൾ ഗോൾ കീപ്പർ ജോർജി മമദാർഷ്‌വിലി ഫൗൾ ചെയ്‌തതിന് കിട്ടിയ പെനൽറ്റി നോർവേക്കാരന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോൾ കീപ്പർ കിക്ക് തടഞ്ഞു. പക്ഷേ, ലിവർപൂളിന് ആശ്വസിക്കാനായില്ല. അരമണിക്കൂർ തികയുംമുന്പ് ഹാലണ്ട് പിഴവിന് പ്രായശ്‌ചിത്തം ചെയ്‌തു. മതിയുസ് ന്യൂനെസിന്റെ കോർണറിൽ തലവച്ച് സിറ്റിയെ മുന്നിലെത്തിക്കുകയായിരുന്നു. ഇൗ സീസണിൽ ക്ലബിലും ദേശീയ കുപ്പായത്തിലുമായി 28–ാം ഗോൾ.

ലിവർപൂളിനെതിരെ ഗോൾനേടിയ ഡൊക്കു
ഇടവേളയ്‌ക്ക് തൊട്ടുമുന്പ് ഒപ്പമെത്തിയെന്ന് ലിവർപൂൾ കരുതിയതാണ്. മുഹമ്മദ് സലായുടെ കോർണറിൽ വിർജിൽ വാൻഡിക്ക് തലവച്ചു. പന്ത് വലയിലുമായി. ലിവർപൂൾ ആഘോഷം തുടങ്ങുന്നതിനിടെ റഫറി ഓഫ് സൈഡ് വിളിച്ചു. ആൻഡി റോബർട്‌സനാണ് ഓഫ് സൈഡായത്. ഇതിനിടെ ആഘാതം കൂട്ടി സിറ്റി രണ്ടാം ഗോളും തൊടുത്തു. നിക്കോയുടെ 20 വാര ദൂരത്തുനിന്നുള്ള അടി വാൻ ഡിക്കിന്റെ കാലിൽ തട്ടി വലയിൽ കയറി. ഗോൾ കീപ്പർ മമദാർഷ്‌വ്‌ലിയുടെ കണക്കുകൂട്ടലും തെറ്റി.
ലിവർപൂൾ പ്രതിരോധത്തെ കീറിമുറിച്ച ഡൊക്കുവിന്റെ ഉൗഴമായിരുന്നു പിന്നീട്. ലിവർപൂൾ പ്രതിരോധക്കാരൻ കൊണർ ബ്രാഡ്‌ലിയെ നിഷ്‌പ്രഭനാക്കി ഇരുപത് വാര ദൂരത്തുനിന്ന് ബൽജിയംകാരൻ തൊടുത്ത അടി ഗോൾ കീപ്പറെയും മറികടന്ന് വലയിൽ കയറി. കളിയിൽ സിറ്റിയുടെ കുന്തമുനയും ഡൊക്കുവായിരുന്നു.
ഇടവേളയ്‌ക്കുശേഷം ആർണെ സ്ലോട്ടിന്റെ സംഘം തിരിച്ചുവരാൻ ശ്രമിച്ചു. പക്ഷേ, ഗ്വാർഡിയോളയുടെ പ്രതിരോധം ഒരു പഴുതും നൽകിയില്ല. ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയുടെ പ്രകടനവും നിർണായകമായി. ഡൊമനിക് സൊബൊസ്‌ലായിയുടെ തകർപ്പൻ ഷോട്ട് ഉൾപ്പെടെ ഇറ്റലിക്കാരൻ നിർവീര്യമാക്കി. പതിനൊന്ന് കളിയിൽ 22 പോയിന്റാണ് സിറ്റിക്ക്. ഒന്നാമതുള്ള അഴ്‌സണലിന് 26. ലിവർപൂൾ എട്ടാമതാണ്(18 പോയിന്റ്).









0 comments