പോൾ പോഗ്ബ തിരിച്ചെത്തുന്നു; ചാമ്പ്യൻസ് ലീഗ് കളിക്കും

പാരിസ്: ഫ്രഞ്ച് മധ്യനിരക്കാരനും ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബ വീണ്ടും കളത്തിലെത്തുന്നു. ലീഗ് 1 ക്ലബ് എഎസ് മോണക്കോയി താരം നടത്തിയ ചർച്ചകൾ വിജയമായെന്ന് ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫബ്രീസിയോ റൊമാനോ പറഞ്ഞു. ഫ്രഞ്ച് ലീഗില്‍ നിന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മോണക്കോയും ഇത്തവണ യോഗ്യത നേടിയിരുന്നു. ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്നുള്ള വിലക്ക് വെട്ടിക്കുറച്ചതോടെയാണ് താരത്തിന്റെ തിരിച്ചുവരവ് സാധ്യമായത്. ആദ്യം നാലു വർഷമാണ് വിലക്കേർപ്പെടുത്തിയിരുന്നത്. പിന്നീട് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ (സിഎഎസ്) നൽകിയ അപ്പീൽ വിജയിച്ചതിനെ തുടർന്നാണ് വിലക്ക് 18 മാസത്തേക്ക് ചുരുക്കിയത്.
ഇറ്റാലിയൻ ലീഗ് ക്ലബ് യുവന്റസിന്റെ താരമായിരുന്ന പോഗ്ബയെ 2024 ഫെബ്രുവരി അവസാനമാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്. 2023 ആഗസ്ത് 20ന് നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. നിരോധിത പദാർത്ഥമായ ടെസ്റ്റോസ്റ്റിറോണാണ് പോഗ്ബയുടെ ശരീരത്തിൽ കണ്ടെത്തിയത്.
2018ൽ ഫ്രാൻസ് ലോകകപ്പ് ഉയർത്തുമ്പോൾ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു പോഗ്ബ. ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഗോളും നേടിയിരുന്നു. യുവേഫ നേഷൻസ് ലീഗ് വിജയത്തിലും പങ്കാളിയായി. പരിക്കിനെ തുടർന്ന് 2022 ലോകകപ്പിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ഫ്രാൻസിനായി 91 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് നേടിയത്. ക്ലബ്ബ് കരിയറിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനും യുവന്റസിനുമായാണ് താരം പന്തുതട്ടിയത്. 2011-12 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അരങ്ങേറിയ താരം 2012ൽ യുവന്റസിലെത്തി. പിന്നീട് 2016ൽ വീണ്ടും യുണൈറ്റഡിലേക്ക് തിരിച്ചെത്തി. ആറ് വർഷത്തിന് ശേഷം 2022ൽ വീണ്ടും യുവന്റസിലേക്ക് കൂടുമാറി. യുവന്റസിനൊപ്പം എട്ടു കിരീടങ്ങളും യുണൈറ്റഡിനൊപ്പം രണ്ടു കിരീടവിജയങ്ങളിലും പങ്കാളിയായി.









0 comments