നൈജീരിയൻ ഇതിഹാസ ഗോൾകീപ്പർ പീറ്റർ റുഫായ് അന്തരിച്ചു

അബുജ: നൈജീരിയൻ ഇതിഹാസ ഗോൾകീപ്പറും ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാവുമായ പീറ്റർ റുഫായ് (61) അന്തരിച്ചു. അസുഖ ബാധിതനായി അവശനിലയിലായിരുന്ന താരം വ്യാഴാഴ്ചയാണ് മരിച്ചതെന്ന് നൈജീരിയൻ ഫുട്ബോൾ ഫെഡറേഷൻ (എൻഎഫ്എഫ്) അറിയിച്ചു. ദേശീയ ടീമിനായി 65 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 1994ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നൈജീരിയ നേടിയപ്പോൾ ടീമിന്റെ വിജയത്തിൽ പീറ്റർ റുഫായ് നിർണായക സാന്നിധ്യമായി. ഫൈനലിൽ സാംബിയയെ 2-1ന് തോൽപ്പിച്ചാണ് നൈജീരിയ കിരീടം ചൂടിയത്.
1963 ആഗസ്ത് 24ന് ജനിച്ച റുഫായ് 17 വർഷക്കാലം നൈജീരിയ്ക്കായി പന്തുതട്ടി. 1994, 1998 ഫിഫ ലോകകപ്പിലും 1980, 1988 ഒളിമ്പിക് ഗെയിംസിലും റുഫായ് നൈജീരിയയെ പ്രതിനിധീകരിച്ചു. ബെൽജിയത്തിലെ ലോകെറൻ, ബെവെറൻ, നെതർലൻഡ്‌സിലെ ഗോ അഹെഡ് ഈഗിൾസ്, പോർച്ചുഗലിലെ ഫാരൻസ്, സ്പെയിനിലെ ഹെർക്കുലീസ്, ഡിപോർട്ടീവോ ലാ കൊറൂണ തുടങ്ങി നിരവധി ക്ലബുകളിലും റുഫായ് കളിച്ചു.
0 comments