ന്യൂകാസിലിന്റെ വിളംബരം- വീഡിയോ

PHOTO: Facebook/Newcastle United
കരബാവോ കപ്പിന്റെ ഫൈനലിൽ ലിവർപൂളിനെ പരാജയപ്പെടുത്തി ന്യൂകാസിൽ യുണൈറ്റഡ് അവരുടെ 56 വർഷത്തെ കിരീട വരൾച്ചയ്‌ക്ക് അറുതി വരുത്തിയിരിക്കുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ന്യൂകാസിലിന്റെ വിജയം. ഡാൻ ബേൺ, അലക്‌സാണ്ടർ ഇസാക് എന്നിവരുടെ ഗോളുകളാണ് ദ മാഗ്‌പൈസിനെ വിജയ കിരീടം ചൂടിച്ചത്. ഒരു ഡൊമസ്റ്റിക് കിരീടത്തിന് വേണ്ടിയുള്ള 70 വർഷത്തെ കാത്തിരിപ്പ് കൂടിയാണ് ന്യൂ കാസിൽ ഈ വിജയത്തോടെ അവസാനിപ്പിച്ചത്.
1969ൽ യൂറോപ്യൻ ഇന്റർസിറ്റി ഫെയേർസ് കപ്പ് നേടിയതായിരുന്നു ന്യൂകാസിലിന്റെ അവസാന കിരീടം. 1955ൽ എഫ് എ കപ്പ് വിജയിച്ചത് അവസാന ഡൊമസ്റ്റിക് കിരീട നേട്ടവും. മുഴുവൻ കിരീടങ്ങളുടെയും എണ്ണമെടുത്താൽ ഇംഗ്ലണ്ടിൽ ഒൻപതാമതാണ് ക്ലബ്ബ്. എങ്കിലും അതെപ്പോൾ ഉയർത്തി എന്ന് ചോദിച്ചാൽ ചരിത്രത്തിലേക്ക് മുങ്ങിത്താഴേണ്ടി വരുമായിരുന്നു ആരാധകർക്ക്. അലൻ ഷിയറർ എന്ന പേര് മാത്രമായിരുന്നു മാഗുകൾക്ക് പറയാനെങ്കിലും ഉണ്ടായിരുന്നത്.
ഈ കാലയളവിൽ എല്ലാ തരത്തിലുള്ള ഉയർച്ച താഴ്‌ചകൾക്കും ന്യൂ കാസിലും അവരുടെ ആരാധകരും സാക്ഷിയായിട്ടുണ്ട്. 2009, 2016 വർഷങ്ങളിൽ ക്ലബ്ബിനെ റെലിഗേറ്റ് ചെയ്യപ്പെടുക വരെയുണ്ടായി. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ച പോലെ ന്യൂകാസിലിന്റെ രക്ഷകാരായും ആളെത്തിയതോടെയാണ് കളി മാറിയത്. എത്ര ഗോളുകൾക്ക് പരാജയപ്പെട്ടാലും ഗ്രൗണ്ട് വിട്ട് പേവാതിരുന്ന ആരാധകർ പുതിയ മാനേജ്‌മെന്റ് വന്നതോടെ ആവേശ ഭരിതരായി. കളിക്കാരും കോച്ചിങ് സ്റ്റാഫുമുൾപ്പെടെ മാറിയതോടെ ക്ലബ്ബിന് പുതിയ മുഖം ലഭിക്കുകയും ചെയ്തു.
അടിമുടി മാറുന്ന ന്യൂകാസിലിന്റെ വിളംബരമാണ് കരബാവോ കപ്പിലെ വിജയം എന്ന് ഫുട്‌ബോൾ ലോകം വിലയിരുത്തുന്നു. സീസണിൽ ഇനി കിരീടപ്രതീക്ഷകളൊന്നും ഇല്ലെങ്കിലും ദ മാഗ്‌പൈസുകൾ ആവേശത്തിലാണ്.









0 comments