ന്യൂസിലൻഡ് ലോകകപ്പിന്: യോഗ്യത നേടുന്ന രണ്ടാമത്തെ ടീം

ഓക്‌ലൻഡ് : 2026 ഫുട്‌ബോൾ ലോകകപ്പിലേക്ക് ന്യൂസിലൻഡും. ഓഷ്യാനിയൻ മേഖലാ ഫൈനലിൽ ന്യൂ കാലെഡോണിയയെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് മുന്നേറ്റം. മൂന്നാം തവണയാണ് ന്യൂസിലൻഡ് യോഗ്യത നേടുന്നത്. 2010ലായിരുന്നു അവസാന നേട്ടം. 1982ൽ ആദ്യമായി ലോകകപ്പ് കളിച്ചു. അമേരിക്ക, ക്യാനഡ, മെക്‌സിക്കോ രാജ്യങ്ങൾ സംയുക്തമായാണ് ഇക്കുറി ലോകകപ്പിന് വേദിയാകുന്നത്. മൂന്ന് ടീമുകളും നേരിട്ട് യോഗ്യത നേടി.
പിന്നാലെ ഏഷ്യൻ മേഖലയിൽനിന്ന് ജപ്പാനെത്തി. ആതിഥേയരുൾപ്പെടെ അഞ്ച് ടീമുകളാണ് നിലവിൽ യോഗ്യത കുറിച്ചത്.
കാലെഡോണിയക്കെതിരെ ന്യൂസിലൻഡിന്റെ തുടക്കം മികച്ചതായിരുന്നില്ല. ക്യാപ്‌റ്റൻ ക്രിസ് വുഡ് രണ്ടാംപകുതിയുടെ തുടക്കത്തിൽ പരിക്കേറ്റ് മടങ്ങി. നോട്ടിങ്‌ഹാം ഫോറസ്‌റ്റ് താരമായ വുഡ് ഫിജിക്കെതിരെ ഹാട്രിക് നേടിയിരുന്നു. വുഡിന്റെ പരിക്ക് ന്യൂസിലൻഡിനെ ബാധിച്ചില്ല. മുപ്പത്താറുകാരൻ മിച്ചേൽ ബോക്‌സാൾ, വുഡിന് പകരക്കാരനായെത്തിയ കോസ്‌റ്റ ബാർബറൗസെസ്, ഇലിജാ റെസ്‌റ്റ് എന്നിവർ ഗോളടിച്ചു.
2006 ലോകകപ്പിനുശേഷം ഓസ്‌ട്രേലിയ ഏഷ്യൻ മേഖലയിലേക്ക് മാറിയതിനെ തുടർന്ന് ന്യൂസിലൻഡാണ് ഓഷ്യാനിയയിലെ പ്രധാന ടീം. 89–-ാം റാങ്കുകാരാണ്. 2,80,000 ജനസംഖ്യയുള്ള കാലെഡോണിയ 152–-ാമതും. തോറ്റെങ്കിലും കാലെഡോണിയയുടെ സാധ്യത അവസാനിച്ചിട്ടില്ല. ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ കളിക്കാൻ അവസരമുണ്ട്.









0 comments