നേഷൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടർ
പോർച്ചുഗൽ, ഫ്രാൻസ് വിറച്ചു

കോപൻഹേഗൻ/സ്‌പ്ലിറ്റ് : നേഷൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടറിൽ മുൻചാമ്പ്യൻമാരായ പോർച്ചുഗലിനും ഫ്രാൻസിനും ഞെട്ടിക്കുന്ന തോൽവി. ഡെൻമാർക്ക് ഒറ്റ ഗോളിന് പോർച്ചുഗലിനെ വീഴ്‌ത്തിയപ്പോൾ ക്രൊയേഷ്യയാണ് ഫ്രാൻസിനെ വിറപ്പിച്ചത് (2–-0). കരുത്തരുടെ പോരിൽ ജർമനി 2-1ന് ഇറ്റലിയെ കീഴടക്കി. സ്‌പെയ്‌നിനെ 2–-2ന് നെതർലൻഡ്‌സ് കുരുക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെട്ട കരുത്തുറ്റ പോർച്ചുഗൽനിരയെ റാസ്‌മസ് ഹോയിലുണ്ടിന്റെ ഗോളിലാണ് ഡെൻമാർക്ക് മറികടന്നത്. ഉജ്വല പ്രതിരോധം പടുത്തുയർത്തിയാണ് ഡാനിഷുകാർ കളംവാണത്. പത്ത് ഷോട്ട് മാത്രമാണ് പോർച്ചുഗീസുകാർക്ക് തൊടുക്കാനായത്. 78–-ാംമിനിറ്റിൽ ഗോൾ നേടിയശേഷം റൊണാൾഡോയുടെ പതിവുഗോളാഘോഷം ഹോയിലുണ്ട് അവതരിപ്പിച്ചു. കടുത്ത റൊണോ ആരാധകനാണ്. റൊണാൾഡോയെ സാക്ഷിനിർത്തിയായിരുന്നു പ്രകടനം. പതിവുശൈലിയിലുള്ള കളിയിലൂടെയാണ് ക്രൊയേഷ്യ ഫ്രാൻസിനെ തച്ചുടച്ചത്. അവസരത്തിനായി തക്കം പാർത്തിരുന്നു. കിട്ടിയ സമയത്ത് ആന്റെ ബുദിമിറിലൂടെയും ഇവാൻ പെരിസിച്ചിലൂടെയും ഗോളടിച്ചു.
സ്വന്തംതട്ടകത്തിൽ സാൻഡ്രോ ടൊണാലിയിലൂടെ ഇറ്റലി മുന്നിലെത്തിയിരുന്നു. എന്നാൽ, ലീഡ് നിലനിർത്താൻ അസൂറികൾക്കായില്ല. പകരക്കാരൻ ടിം ക്ലെയിൻഡിയെസ്റ്റും ലിയോൺ ഗൊറെസ്‌കയും ജർമനിക്കായി മറുപടി നൽകി. ആവേശകരമായ പോരിൽ പരിക്കുസമയം മൈക്കേൽ മെറീനോയാണ് ഡച്ചിനെതിരെ സ്‌പെയ്‌നിന് സമനില നൽകിയത്. നികോ വില്യംസ് മറ്റൊരു ഗോൾ നേടി. കോഡി ഗാക്‌പോയും ടിയാനി റെയ്‌ൻഡേഴ്‌സുമാണ് നെതർലൻഡ്‌സിന്റെ സ്‌കോറർമാർ. ജൊറെൽ ഹാറ്റോ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അവസാന 10 മിനിറ്റ് പത്തുപേരുമായാണ് ഡച്ചുകാർ കളിച്ചത്.
നാളെയാണ് രണ്ടാംപാദ ക്വാർട്ടറുകൾ. പ്ലേ ഓഫ് മത്സരത്തിൽ ഉക്രയ്‌ൻ 3–-1ന് ബൽജിയത്തെ തകർത്തു.









0 comments