നേഷൻസ് ലീഗ് ഫുട്ബോൾ ; ഇനി ക്വാർട്ടർ പോര്

കോപൻഹാഗെൻ : യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോളിൽ ഇന്ന് ക്വാർട്ടർ പോര്. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഡെൻമാർക്കിനെ നേരിടും. നെതർലൻഡ്‌സ് x സ്‌പെയ്‌ൻ, ക്രൊയേഷ്യ x ഫ്രാൻസ്, ഇറ്റലി x ജർമനി ക്വാർട്ടർ പോരുകളും ഇന്ന് നടക്കും.
സൂപ്പർതാരം റൊണാൾഡോയുടെ നേതൃത്വത്തിലാണ് പോർച്ചുഗൽ ഇന്ന് ഡെൻമാർക്കിനെതിരെ ഇറങ്ങുക. ഡാനിഷ് തട്ടകത്തിലാണ് കളി. അവസാന ആറ് കളിയിൽ ഒറ്റ തോൽവിയില്ലാതെയാണ് പോർച്ചുഗൽ എത്തുന്നത്. സൗദി ലീഗിൽ അൽ നസറിനായി റൊണാൾഡോ മിന്നുന്ന പ്രകടനമാണ് സീസണിൽ പുറത്തെടുത്തത്. മാഞ്ചസ്‌റ്റർ യുണൈറ്റഡിനായി തകർപ്പൻ കളി പുറത്തെടുക്കുന്ന ബ്രൂണോ ഫെർണ്ടാസ്, പിഎസ്‌ജി താരങ്ങളായ ന്യൂനോ മെൻഡിസ്, വിതീന്യ തുടങ്ങി വമ്പൻ താരനിരയാണ് പോർച്ചുഗലിനായി ഇറങ്ങുക.
ഡെൻമാർക്കും ഉശിരൻ സംഘമാണ് റാസ്‌മുസ് ഹോയ്‌ലുണ്ട്, ക്രിസ്‌റ്റ്യൻ എറിക്‌സൺ, ആൻഡ്രിയാസ് ക്രിസ്‌റ്റൻസൺ എന്നിവരാണ് ഡാനിഷ് നിരയിലെ വമ്പൻമാർ.
നിലവിലെ ചാമ്പ്യൻമാരായ സ്‌പെയ്‌നിന് ഡച്ച് വെല്ലുവിളി ഉയർത്തിയേക്കും. യുവതാരങ്ങളുടെ കരുത്തിലാണ് യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌ൻ ഡച്ചിനെ നേരിടാനെത്തുന്നത്. ലമീൻ യമാൽ, പെഡ്രി, കുബാർസി, നിക്കോ വില്യംസ് എന്നിവരുൾപ്പെട്ടതാണ് സ്‌പാനിഷ് നിര. തോൽവിയറിയാതെയാണ് കുതിപ്പ്.
വിർജിൽ വാൻഡിക്ക്, കോഡി ഗാക്‌പോ, ടിംബർ, സിമോൺസ് എന്നിവർ അണിനിരക്കുന്ന ഡച്ച് ടീം അവസാന ആറ് കളിയിൽ ഒന്നിൽ മാത്രമാണ് തോറ്റത്.
ഇറ്റലിയും ജർമനിയും തമ്മിലാണ് മറ്റൊരു വമ്പൻപോര്. യൂറോ കപ്പിലെ മോശം പ്രകടനത്തിനുശേഷം ഉയിർപ്പ് തേടിയാണ് ഇറ്റലിയെത്തുന്നത്. മറ്റിയോ റെട്ടെഗുയ്, മോയ്‌സ് കീൻ എന്നീ ഗോളടിക്കാരിലാണ് പ്രതീക്ഷ. മധ്യനിരയിൽ സാൻഡ്രോ ടൊണാലി തിരിച്ചെത്തയത് ടീമിന് ആത്മവിശ്വാസം പകരും. ജർമനിക്ക് യുവനിരയാണ്. ജമാൽ മുസിയാലയും കരിം അദെയെമിയും ഉൾപ്പെട്ട മുന്നേറ്റനിരയിലാണ് പ്രതീക്ഷ.
ഫ്രാൻസും ക്രൊയേഷ്യയും തമ്മിലാണ് മറ്റൊരു ക്വാർട്ടർ. 2018 ലോകകപ്പ് ഫൈനലിനുശേഷമുള്ള മറ്റൊരു മുഖാമുഖം. ഫ്രാൻസ് നിരയിൽ സൂപ്പർതാരം കിലിയൻ എംബാപ്പെ തിരിച്ചെത്തി. റയൽ മാഡ്രിഡിനായി ഗോളടിച്ചുകൂട്ടിയാണ് എംബാപ്പെയുടെ വരവ്. ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിക്കായി മിന്നുന്ന പ്രകടനം നടത്തുന്ന ഉസ്‌മാൻ ഡെംബെലയും ചേർന്നാൽ മുന്നേറ്റത്തിന് ഇരട്ടിക്കരുത്താകും. ക്രൊയേഷൻ നിരയിൽ ലൂക്കാ മോഡ്രിച്ചാണ് താരം. ഗ്വാർഡിയോൾ, കൊവാസിച്ച് എന്നിവരും അണിനിരക്കും.
ഈ മാസം 24നാണ് രണ്ടാംപാദ ക്വാർട്ടർ മത്സരങ്ങൾ.









0 comments