പത്തരമാറ്റ് മുത്തൂറ്റ്: കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാർ

കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ ചാമ്പ്യന്മാരായ മുത്തൂറ്റ് ഫുട്ബോൾ അക്കാദമി ടീമിന്റെ ആഹ്ലാദം
അജിൻ ജി രാജ്
Published on May 12, 2025, 12:53 AM | 1 min read
കോഴിക്കോട് : കേരള ഫുട്‌ബോളിൽ മുത്തൂറ്റ് അക്കാദമിയുടെ യുവത്വത്തിന്റെ ഇരമ്പം. പരമ്പരാഗത ശക്‌തികളായ കേരള പൊലീസിനെ 2–-1ന് തോൽപ്പിച്ച് കേരള പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആദ്യമായി ചാമ്പ്യൻമാരായി. 22 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. എസ് ദേവദത്തും പകരക്കാരൻ കെ ബി അഭിത്തും മുത്തൂറ്റിനായി ലക്ഷ്യം കണ്ടു. കന്നി ട്രോഫി തേടിയിറങ്ങിയ പൊലീസിനായി എൻ എസ് സുജിൽ ആശ്വാസ ഗോൾ നേടി.
ലീഗിൽ സ്ഥിരതയാർന്ന പ്രകടനമാണ് മുത്തൂറ്റിന്റെ യുവനിര നടത്തിയത്. കൂടുതൽ ഗോളടിച്ചും കുറവ് വഴങ്ങിയുമാണ് നേട്ടം. 15 കളിയിൽ 35 ഗോളടിച്ചപ്പോൾ വഴങ്ങിയത് പതിനൊന്നെണ്ണം മാത്രം. പ്രാഥമിക ഘട്ടത്തിൽ ഇതേ സ്‌കോറിന് പൊലീസിനോട് തോറ്റതിന്റെ ക്ഷീണവും മുത്തൂറ്റ് തീർത്തു. ടെക്‌നിക്കൽ ഹെഡ് കെ അനീസിന് കീഴിലാണ് തേരോട്ടം.
കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ തണുപ്പൻ കളിയായിരുന്നു. കിരീടപ്പോരിന്റെ ആവേശം കളത്തിൽ കണ്ടില്ല. മുത്തൂറ്റിന്റെ രണ്ട് നീക്കങ്ങളിൽ ആദ്യപകുതി അവസാനിച്ചു. രണ്ടും ദേവദത്തിൽനിന്നായിരുന്നു. ഒന്ന് ഗോളാവുകയുംചെയ്‌തു. 23–-ാം മിനിറ്റിലെ മിന്നൽ കുതിപ്പ് പൊലീസ് പ്രതിരോധത്തിന് തടയാനായില്ല. പൊലീസ് പ്രതിരോധക്കാരൻ എം സഫ്‌വാന്റെ കാലിൽനിന്ന് പന്ത് റാഞ്ചി ദേവദത്ത് ഒറ്റയാൻ കുതിപ്പിൽ ബോക്‌സിലേക്ക് അടുത്തു. വലതുഭാഗത്തുനിന്നുള്ള കരുത്തുറ്റ ഷോട്ട് പൊലീസ് ഗോൾവല വിറപ്പിച്ചു.
രണ്ടാംപകുതിയിൽ തിരിച്ചടിക്കണമെന്ന വാശിയോടെ പൊലീസുകാർ പന്തുതട്ടി. 54–-ാം മിനിറ്റിൽ സമനില ഗോളെത്തി. മൈതാനമധ്യത്തിൽ ഇ സജീഷ് ഗോൾമുഖത്തേക്ക് അടുത്തു. പന്ത് സുജിലിന് നൽകി. സുജിൽ സൽമാനും. യുവതാരം അടി തൊടുത്തെങ്കിലും മുത്തൂറ്റ് താരത്തിൽ തട്ടി മടങ്ങി. തക്കംപാർത്തിരുന്ന സുജിലിലേക്കായിരുന്നു ഇത്. മധ്യനിരക്കാരന് തെറ്റിയില്ല. സ്‌കോർ 1–-1. എന്നാൽ ആഘോഷം അധികം നീണ്ടില്ല. പത്ത് മിനിറ്റിനുള്ളിൽ മുത്തൂറ്റ് ലീഡ് നേടി. ഇടതുഭാഗത്തിൽ അർജുന്റെ ശ്രമം ബാറിൽ തട്ടി വീണു. ഇത് അഭിത് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ പൊലീസ് തീർന്നു.
ഫൈനലിനിടെ ഐ എം വിജയൻ, സി വി പാപ്പച്ചൻ, കെ ടി ചാക്കോ എന്നീ മുൻ താരങ്ങളെ ആദരിച്ചു.









0 comments