ബാപ്പയുടെ ഫുട്‌ബോൾ അക്കാദമിയിൽ പരിശീലിച്ച ഉവൈസ് ഇന്ത്യൻ ടീമിൽ , കേരള ടീമിൽ കളിക്കാതെ ദേശീയ കുപ്പായം , പ്രതിരോധ നിരയിലേക്ക് പുതുതാരം
‘വാപ്പാ...., ഇതാ ഇങ്ങക്കൊരു ഇന്ത്യൻ കുപ്പായം’

മുഹമ്മദ് ഉവെെസ് ബാപ്പ കമാലുദ്ദീനും ഉമ്മ സൽമത്തിനുമൊപ്പം
അജിൻ ജി രാജ്
Published on Aug 26, 2025, 03:13 AM | 2 min read
കോഴിക്കോട്
രണ്ട് പതിറ്റാണ്ടുമുമ്പ് നാട്ടിലൊരു ഫുട്‌ബോൾ അക്കാദമി തുടങ്ങുമ്പോൾ മോയിക്കൽ കമാലുദ്ദീന്റെ മനസ്സിൽ ഇന്ത്യൻ ടീം പോയിട്ട് കേരളംപോലുമില്ലായിരുന്നു. നാട്ടിലെ കുട്ടികൾക്കൊപ്പം മൂത്തമകൻ മുഹമ്മദ് ഉവൈസിനെയും കൂട്ടി. മലപ്പുറം ജില്ലയിലെ നിലമ്പൂർ ചന്തക്കുന്നിൽ ‘നിലമ്പൂർ യുണൈറ്റഡ്’ ഫുട്‌ബോൾ അക്കാദമിയുടെ തുടക്കം 2003ലാണ്. അവിടെ കളിച്ചുവളർന്ന ഉവൈസ് 22 വർഷത്തിനുശേഷം ഇന്ത്യൻ ടീമിലെത്തിയിരിക്കുന്നു.
കേരളത്തിനായി ഇതുവരെ കളിക്കാതെയാണ് ഇരുപത്തേഴുകാരൻ ദേശീയ കുപ്പായമണിയുന്നത്. സംസ്ഥാന–ദേശീയ ടീമുകളിൽ ജൂനിയർ വിഭാഗത്തിൽപോലും സാന്നിധ്യമില്ലാതെയാണ് സീനിയർ ടീമിലേക്ക് നേരിട്ടുള്ള കുതിപ്പ്. 2022മുതൽ ഐഎസ്‌എൽ ക്ലബ്ബായ ജംഷഡ്‌പുരിൽ കളിച്ചതാണ് വഴിത്തിരിവായത്. അവിടെ ഇപ്പോഴത്തെ ഇന്ത്യൻ കോച്ച് ഖാലിദ് ജമീലിന് കീഴിൽ മികവുറ്റ താരമായി വളർന്നു. ഖാലിദിന്റെ വിശ്വസ്തനായ പ്രതിരോധക്കാരൻ കഴിഞ്ഞ സീസണിൽ ഒന്നൊഴികെ എല്ലാ കളിയിലുമുണ്ടായിരുന്നു. പുതിയ സീസണിൽ പഞ്ചാബ് എ-ഫ്‌സിയിലേക്ക് ചുവടുമാറി.
മുൻ ഗോൾകീപ്പറായിരുന്നു കമാലുദ്ദീൻ. മലപ്പുറത്തെ സെവൻസ് മൈതാനങ്ങളിൽ ഓളംതീർത്ത കാവൽക്കാരന് പക്ഷേ, ജീവിത പ്രാരാബ്‌ധങ്ങളാൽ യൗവനത്തിൽതന്നെ ബൂട്ടഴിക്കേണ്ടിവന്നു. പിന്നാലെ പ്രവാസ ജീവിതം. തിരിച്ച് നാട്ടിലെത്തിയാണ് അക്കാദമി തുടങ്ങിയത്. ഉവൈസ് ഉൾപ്പെടെ മൂന്ന് മക്കളെയും കൂടെ കൂട്ടി. ഉവൈസ് സ്‌ട്രൈക്കറായാണ് തുടങ്ങിയത്. 18 വയസ്സുവരെ അതായിരുന്നു സ്ഥാനം. പിന്നീട് പ്രതിരോധത്തിലേക്ക് മാറി. 17–ാം വയസ്സിൽ പുണെ ഭാരത് എഫ്‌സിയിലൂടെയാണ് പ്രഫഷണലാകുന്നത്. പിന്നീട് ഡൽഹി സുദേവ എഫ്‌സിയുടെ അണ്ടർ 18 ഐ ലീഗ് ക്യാപ്‌റ്റനുമായി.
നാട്ടിൽ മടങ്ങിയെത്തി എഫ്‌സി കേരളയിലും എഫ്‌സി തൃശൂരിലുമായി ഓരോ സീസൺ ചെലവഴിച്ചു. 2019ൽ ബംഗളൂരുവിലെ ഓസോണിനായും പിന്നീട് ബംഗളൂരു യുണൈറ്റഡിനായും പ്രതിരോധം കാത്തു. പിന്നാലെ കെഎസ്‌ഇബിക്കായി അതിഥി താരമായും കളിച്ചു. 2021ൽ ഗോകുലം കേരളയിൽ. അവിടെ ഇറ്റാലിയൻ കോച്ച് വിസെൻസെ അനീസെയാണ് ഇടതുപ്രതിരോധത്തിലേക്ക് മാറ്റിയത്.
‘പിതാവും മകനും തമ്മിലുള്ള ബന്ധത്തെപ്പോലെ കളിക്കാരനും കോച്ചുമെന്ന ബന്ധവും ഞങ്ങൾക്കിടയിൽ ശക്തമാണ്. അച്ചടക്കമാണ് ഉവൈസിന്റെ മുഖമുദ്ര. കരുത്തും കുറവും നന്നായറിയാം. കളി മെച്ചപ്പെടുത്താനുള്ള പ്രയത്നമാണ് ഇൗ നിലയിലെത്തിച്ചത്. ഇന്ത്യൻ ടീമിന്റെ ഭാഗമായതിൽ അഭിമാനം. എല്ലാവരോടും നന്ദി മാത്രം. പരിശീലകർ, സഹതാരങ്ങൾ, ക്ലബ്ബുകൾ എല്ലാവരും ഈ നേട്ടത്തിനായി പിന്തുണച്ചു. അവരാണ് കരുത്ത്’–മകന്റെ ദേശീയ ടീമിലേക്കുള്ള പ്രഖ്യാപനത്തിനുശേഷം കമാലുദ്ദീൻ പറഞ്ഞു.
ഹന ഫാത്തിമ ഹാരിസാണ് ഉവൈസിന്റെ ഭാര്യ. ഉമ്മ സൽമത്ത്. മുഹമ്മദ് ഉനൈസും മുഹമ്മദ് ഉമൈസും സഹോദരന്മാരാണ്.









0 comments