ഇന്ത്യൻ ടീമിലേക്ക്‌ ഏഴ്‌ താരങ്ങൾ ; കളിക്കാരെ വിടാതെ ബഗാൻ

Mohun Bagan Super Giant
avatar
Sports Desk

Published on Aug 19, 2025, 03:10 AM | 1 min read


കൊൽക്കത്ത

ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാമ്പിലേക്ക്‌ താരങ്ങളെ വിട്ടുനൽകില്ലെന്ന്‌ ഐഎസ്‌എൽ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌. സെപ്‌തംബർ 16ന്‌ ആരംഭിക്കുന്ന ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗ്‌ 2നായുള്ള ഒരുക്കത്തിലാണ്‌ ബഗാൻ. ഇതിനിടെ നടക്കുന്ന കാഫ നേഷൻസ്‌ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക്‌ കളിക്കാരെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ്‌ ക്ലബ്‌.


ഫിഫയുടെ മാനദണ്ഡപ്രകാരം സീസൺ ഇടവേളകൾക്കിടെയുള്ള രാജ്യാന്തര മത്സരങ്ങൾക്ക്‌ ക്ലബ്ബുകൾ ദേശീയതാരങ്ങളെ വിട്ടുകൊടുക്കേണ്ടതില്ല. ഇ‍ൗ വാദമാണ്‌ ബഗാൻ ഉന്നയിക്കുന്നത്‌. മലയാളി താരം സഹൽ അബ്‌ദുൾ സമദ്‌ ഉൾപ്പെടെ ഏഴുപേരാണ്‌ ടീമിൽനിന്ന്‌ ഇന്ത്യയുടെ സാധ്യതാടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. നിലവിൽ ബംഗളൂരുവിൽ ക്യാമ്പ്‌ നടക്കുകയാണ്‌. 29ന്‌ തജിക്കിസ്ഥാനിലാണ്‌ കാഫ നേഷൻസ്‌ കപ്പ്‌ തുടങ്ങുന്നത്‌.


ദേശീയ ടീമിന്‌ കളിക്കാരെ വിട്ടുനൽകിയാൽ പരിക്കേൽക്കുമെന്ന ആശങ്കയാണ്‌ ബഗാന്‌. കാഫ നേഷൻസ്‌ കപ്പ്‌ കഴിഞ്ഞാലാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ 2. ഏഷ്യൻ ക്ലബ്‌ ലീഗിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണ്‌ കൊൽക്കത്തക്കാർക്ക്‌. സാധാരണ ഇന്ത്യൻ ടീമിലേക്ക്‌ പോയവർ പരിക്കുമായാണ്‌ തിരിച്ചുവരാറെന്നാണ്‌ ബഗാൻ പറയുന്നത്‌.


കഴിഞ്ഞ തവണ ക്യാപ്‌റ്റനും പ്രതിരോധക്കാരനുമായ സുഭാശിഷ്‌ ബോസിന്‌ പരിക്കുണ്ടായി. നിലവിൽ വിശ്രമത്തിലാണ്‌ താരം. പരിക്കേറ്റ താരത്തിന്റെ ഒരു ഉത്തരവാദിത്വവും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) ഏറ്റെടുക്കാറില്ലെന്ന്‌ ബഗാൻ ആരോപിച്ചു. ‘കളിക്കാർക്ക്‌ ശമ്പളവും ചികിത്സാച്ചെലവും ക്ലബ്ബാണ്‌ നൽകുന്നത്‌. എഐഎഫ്‌എഫ്‌ പരിക്കേറ്റ താരങ്ങളുടെ സുഖവിവരംപോലും അന്വേഷിക്കാറില്ല. നിലവിലെ സാഹചര്യത്തിൽ കളിക്കാരെ വിട്ടുനൽകാനാകില്ല’–ക്ലബ്‌ മാനേജ്‌മെന്റ്‌ പ്രതിനിധി പറഞ്ഞു.


സഹൽ, അനിരുദ്ധ് ഥാപ്പ, ദീപക്‌ താൻഗ്രി, അപൂയ, ലിസ്റ്റൺ കൊളാസോ, മൻവീർ സിങ്‌, വിശാൽ കെയ്‌ത്‌ എന്നിവരാണ്‌ ബഗാനിൽനിന്ന്‌ ദേശീയ ക്യാമ്പിലേക്ക്‌ വിളിവന്ന താരങ്ങൾ. ഇതോടൊപ്പം ഇന്ത്യയുടെ അണ്ടർ 23 ടീമിലേക്കുള്ള നാല്‌ കളിക്കാരെയും വിട്ടുനൽകില്ലെന്ന്‌ ബഗാൻ അറിയിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home