ഷീൽഡും കപ്പും ഒരു സീസണിൽ നേടുന്ന ആദ്യ ടീം
പുതുചരിത്രം ബഗാൻ ; ഫെെനലിൽ ബംഗളൂരുവിനെ കീഴടക്കി

കൊൽക്കത്ത : ചരിത്രത്തിലേക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ് പന്ത് നീട്ടിയടിച്ചു. ഇന്ത്യൻ ഫുട്‌ബോളിൽ പുതിയ അധ്യായം തുറന്നു. ഐഎസ്‌എൽ ഫുട്‌ബോൾ ഫെെനലിൽ ബംഗളൂരു എഫ്‌സിയെ കീഴടക്കിയാണ് സുവർണനേട്ടം. അധിക സമയക്കളിയിൽ 2–-1ന്റെ ജയം. ഒരു സീസണിൽ ഷീൽഡും കപ്പും സ്വന്തമാക്കുന്ന ആദ്യ ടീമായി. 11 പതിപ്പിന്റെ ചരിത്രമുള്ള ഐഎസ്‌എല്ലിൽ കൊൽക്കത്തൻ ക്ലബ്ബിന്റെ അഞ്ചാം നേട്ടം.
അധികസമയത്ത് ഓസ്‌ട്രേലിയക്കാരൻ ജാമി മക്‌ലാരൻ തൊടുത്ത ഗോളിലാണ് വിജയം. കളിയുടെ തുടക്കംമുതൽ പൊരുതിയ ബംഗളൂരു എഫ്‌സിയാണ് ആദ്യം ലീഡ് നേടിയത്. ബഗാൻ പ്രതിരോധക്കാരൻ ആൽബെർട്ടോ റോഡ്രിഗസിന്റെ പിഴവ് ഗോളിലായിരുന്നു ലീഡ്.
തിരിച്ചുവരവിൽ എന്നും ഉശിരുകാട്ടുന്ന ബഗാൻ ബംഗളൂരുവിന്റെ മോഹം നുള്ളിയെടുത്തു. ജാസൺ കമ്മിങ്‌സിന്റെ പെനൽറ്റിയിലൂടെയായിരുന്നു സമനില. ഷൂട്ടൗട്ടിലേക്ക് കളി നീങ്ങുമെന്ന തോന്നിച്ച ഘട്ടത്തിലായിരുന്നു മക്‌ലാരൻ മാജിക് കാട്ടിയത്.
പരിശീലകൻ ഹൊസെ മൊളീനയുടെ രണ്ടാം കിരീടമാണിത്.
കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ ബംഗളൂരുവിനായിരുന്നു മികച്ച തുടക്കം. റ്യാൻ വില്യംസ് ബഗാൻ പ്രതിരോധത്തെ കാര്യമായിതന്നെ പരീക്ഷിച്ചു. സുനിൽ ഛേത്രിക്കും കിട്ടി അവസരങ്ങൾ. പക്ഷേ, ബഗാൻ പിടിച്ചുനിന്നു. പ്രത്യാക്രമണത്തിനായി കാത്തുനിന്നു. ഇതിനിടെ കമ്മിങ്‌സിന്റെ മികച്ചൊരു നീക്കം ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു തടഞ്ഞു. ആദ്യപകുതി ബംഗളൂരുവിന്റെ പന്തടക്കത്തിലും നിയന്ത്രണത്തിലും അവസാനിച്ചു.
ഇടവേളയ്‌ക്കുശേഷവും ജെറാർഡ് സരഗോസയുടെ സംഘത്തിനായിരുന്നു മുൻതൂക്കം. രണ്ടാംപകുതി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ അവർ ലീഡ് നേടി. റ്യാൻ വില്യംസിന്റെ ഇടതുഭാഗത്തുനിന്നുള്ള ക്രോസ് അടിച്ചകറ്റാനുള്ള റോഡ്രിഗസിന്റെ നീക്കം പാളി. പന്ത് ഊക്കോടെ സ്വന്തം വലയിലേക്കാണ് പോയത്. ഗോൾ കീപ്പർ വിശാൽ കെയ്‌ത്തിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ഗോൾ വീണതോടെ ബഗാനാണ് ഉണർന്നത്. മലയാളി താരം ആഷിഖ് കുരുണിയൻ ഇടതുഭാഗത്ത് ബംഗളൂരു പ്രതിരോധത്തെ വേഗത കൊണ്ട് ചിതറിച്ചു. ഒരു തവണ തൊടുത്ത ഉശിരൻ ഷോട്ട് സന്ധു ആയാസകരമായി തട്ടിയകറ്റുകയായിരുന്നു. പിന്നാലെ കമ്മിങ്‌സിന്റെ ഒന്നാന്തരം ഷോട്ടും സന്ധു തടഞ്ഞു. കൊൽക്കത്തക്കാർ തളർന്നില്ല. 72–-ാം മിനിറ്റിൽ ബഗാൻ ഒപ്പമെത്തി. മക്‌ലാരന്റെ ഷോട്ട് അടിച്ചൊഴിവാക്കുന്നതിനിടെ ബംഗളൂരു പ്രതിരോധക്കാരൻ ചിങ്‌ളൻസനയുടെ കൈയിൽ പന്ത് തട്ടി. റഫറി പെനൽറ്റിക്ക് വിസിലൂതി. കമ്മിങ്‌സിന് പിഴച്ചില്ല.
അവസാന ഘട്ടത്തിൽ ബഗാൻ നിരയിൽ മറ്റൊരു മലയാളി താരം സഹൽ അബ്‌ദുൾ സമദുമെത്തി. കളി ബഗാന്റെ പൂർണനിയന്ത്രണത്തിലായി. അധികസമയത്തിന്റെ ആദ്യ ഘട്ടത്തിൽ ബംഗളൂരു പ്രതിരോധത്തിന്റെ മറ്റൊരു പിഴവാണ് ഗോളിൽ കലാശിച്ചത്. ഗ്രെഗ് സ്‌റ്റുവർട്ടിന്റെ ക്രോസ് സന തടുത്തു. പക്ഷേ, കാലിൽനിന്നില്ല. പന്ത് കിട്ടിയ മക്‌ലാരൻ ആഞ്ഞുതൊടുത്തു. സന്ധുവിനും തടയാനായില്ല.









0 comments