പലസ്‌തീൻ പെലെ മരിച്ചത് എങ്ങനെ?; ഇസ്രയേലിന്റെ അതിക്രമം മറച്ചുവെച്ച യുവേഫയ്ക്ക് സലായുടെ മറുപടി

PHOTO: X

Sports Desk
Published on Aug 10, 2025, 01:15 PM | 1 min read
ലിവർപൂൾ: പലസ്‌തീൻ പെലെ എന്നറിയപ്പെടുന്ന സുലൈമാൻ അൽ ഉബൈദിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ലിവർപൂളിന്റെ ഇൗജിപ്‌ഷ്യൻ താരം മുഹമ്മദ് സലാ. സുലൈമാൻ അൽ ഉബൈദിനെ അനുശോചിച്ചുള്ള യുവേഫയുടെ (യൂണിയൻ ഓഫ് യൂറോപ്യൻ ) എക്‌സ് പോസ്റ്റിന് മറുപടിയുമായാണ് സലാ രംഗത്തെത്തിയിരിക്കുന്നത്.
ഇസ്രയേൽ ആക്രമണത്തിലാണ് സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടത് എന്ന വസ്‌തുത മറച്ചുവെച്ചായിരുന്നു യുവേഫയുടെ അനുശോചനം.
‘അവൻ മരിച്ചത് എങ്ങനെയാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ, എവിടെ വച്ച്, എന്തുകൊണ്ട്?’ എന്ന മറുപടിയാണ് സലാ യുവേഫയ്‌ക്ക് നൽകിയിരിക്കുന്നത്. ‘പലസ്‌തീൻ പെലെ എന്ന സുലൈമാൻ അൽ ഉബൈദിന് വിട. ഇരുണ്ട സമയത്തും നിരവധി കുട്ടികൾക്ക് പ്രത്യാശ നൽകിയ പ്രതിഭ’ എന്നെഴുതിക്കൊണ്ടായിരുന്നു യുവേഫയുടെ പോസ്റ്റ്.
ഗാസയിലെ സഹായകേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തുനില്‍ക്കവെയാണ് സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടത്. ഖദാമത് അൽ-ഷാത്തി, അൽ-അമാരി, ഗാസ സ്‌പോർട്‌സ് ക്ലബ്ബ് തുടങ്ങി നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയറിൽ നൂറിലധികം ഗോളുകൾ നേടി. 2010ൽ എഎഫ്‌സി ചലഞ്ച് കപ്പ് യോഗ്യതാ മത്സരത്തിലും 2014ൽ ലോകകപ്പ് യോഗ്യതാ മത്സരത്തിലും പലസ്‌തീൻ ടീമിനെ പ്രതിനിധീകരിച്ചു. ഫുട്‌ബോള്‍ കളത്തിലെ മാന്ത്രികപ്രകടനമാണ് അദ്ദേഹത്തിന് ‘പലസ്‌തീനിലെ പെലെ’ എന്ന പേര് നേടിക്കൊടുത്തത്.
പലസ്തീന്‍ കളിക്കാരും പരിശീലകരും റഫറിമാരുമടക്കം ഫുട്‌ബോൾ രംഗത്തെ മാത്രം മുന്നൂറ്റിയിരുപതോളം പേരാണ് ഇസ്രയേൽ വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടത്.









0 comments