അർജന്റീന ടീം സൗഹൃദ മത്സരം കൂടാതെ ആരാധകസംഗമത്തിലും പങ്കെടുത്തേക്കും
ആരാധകക്കൂട്ടത്തിൽ മെസി ; ‘ഫാൻസ് മീറ്റ്’ കലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിൽ നടന്നേക്കും


Sports Desk
Published on Aug 31, 2025, 04:05 AM | 1 min read
കോഴിക്കോട്
ലയണൽ മെസി അടക്കമുള്ള അർജന്റീന ടീമിനെ നേരിട്ടുകാണാൻ മലബാറിലെ ആരാധകർക്ക് അവസരം ലഭിക്കാൻ സാധ്യത. തിരുവനന്തപുരത്ത് സൗഹൃദമത്സരം കളിക്കുംമുമ്പ് മെസിയും സംഘവും മലപ്പുറം തേഞ്ഞിപ്പലത്തുള്ള കലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിൽ ആരാധകരെ കാണാൻ എത്തിയേക്കും. കായികമന്ത്രി വി അബ്‌ദുറഹ്മാൻ ഇതുസംബന്ധിച്ച സൂചന നൽകി. ‘ഫാൻസ് മീറ്റ്’ വേദിയായി പ്രഥമ പരിഗണന നൽകുന്നത് കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിനാണെന്ന് മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷത്തോളം ആരാധകരെ സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്.
അർജന്റീന ടീം നവംബർ 15നും 18നും ഇടയിൽ കേരളത്തിലുണ്ടാകുമെന്നാണ് ഒടുവിലത്തെ സൂചന. നവംബർ 10നും 18നും ഇടയിൽ കേരളത്തിന് പുറമേ അംഗോളയിലും സൗഹൃദ ഫുട്‌ബോൾ കളിക്കുന്നുവെന്നായിരുന്നു അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ അറിയിപ്പ്.
ആദ്യം അംഗോളയിലായിരിക്കും കളി. ലോകകപ്പ് നേടിയ മുഴുവൻ സംഘം അങ്ങോട്ട് പോകാനിടയില്ല. നവംബർ 15നോ 16നോ കേരളത്തിലെത്തുന്നത് ലോകകപ്പ് നേടിയ സമ്പൂർണ ടീമായിരിക്കും. ചാർട്ടേർഡ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി 16 കിലോമീറ്റർ അകലെയുള്ള സർവകലാശാലാ സ്‌റ്റേഡിയത്തിൽ എത്തിക്കാനുള്ള സാധ്യതയാണ് സംഘാടകർ തേടുന്നത്. വടക്കൻ ജില്ലകളിലുള്ള ആരാധകർക്ക് തിരുവനന്തപുരത്തേക്ക് യാത്രചെയ്‌ത് കളി കാണാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് മലബാറിൽ ‘ഫാൻ മീറ്റെ’ന്ന ആശയം. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിർത്തിയിൽ രാമനാട്ടുകരക്കടുത്ത് തേഞ്ഞിപ്പലത്താണ് സർവകലാശാലാ സ്‌റ്റേഡിയം.
സൗഹൃദമത്സരത്തിൽ അർജന്റീന ടീമിന്റെ എതിരാളിയെ കണ്ടെത്താനുള്ള ചർച്ച പുരോഗമിക്കയാണ്. ടീം രണ്ടുദിവസം കേരളത്തിലുണ്ടാകുമെങ്കിലൂം ഒറ്റമത്സരം മാത്രമാണ് കളിക്കുക. തുടർച്ചയായി അഞ്ച് ലോകകപ്പ് കളിച്ച ഓസ്‌ട്രേലിയൻ ടീം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലോക റാങ്ക് 24ആയ ഓസ്‌ട്രേലിയ മികവുറ്റ ടീമാണ്. യൂറോപ്പിൽ കളിക്കുന്ന കളിക്കാർ നിറഞ്ഞ മൊറോക്കോയും ചർച്ചയിൽ മുന്നിലുണ്ട്. കേരളത്തിൽ ആരാധകരുള്ള, റാങ്ക് അമ്പതിൽ കുറയാത്ത ടീമുകളെ സംഘാടകർ സമീപിച്ചതായാണ് വിവരം. കോസ്‌റ്ററിക്ക, ജപ്പാൻ, ഇറാൻ ടീമുകളും പട്ടികയിലുണ്ട്. സൗദി അറേബ്യയും ഖത്തറും ആദ്യ പരിഗണനയിലുണ്ടായിരുന്നു. എന്നാലിപ്പോൾ ഇരുടീമുകളൂം അമ്പത് റാങ്കിന് പുറത്താണ്.









0 comments