മെസിക്ക് ഇരട്ടഗോൾ, മയാമി ഫൈനലിൽ

മയാമി: ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർ മയാമി ലീഗ് കപ്പ് ഫ-ുട്‌ബോൾ ഫൈനലിൽ. ഒർലാൻഡോ സിറ്റിയെ 3–1നാണ് മയാമി തോൽപ്പിച്ചത്. സെപ്‌തംബർ ഒന്നിന് നടക്കുന്ന ഫൈനലിൽ സീറ്റിൽ സൗണ്ടേഴ്‌സാണ് എതിരാളികൾ. പരിക്കിനുശേഷം കളത്തിൽ തിരിച്ചെത്തിയ മെസി മിന്നുന്ന പ്രകടനം പുറത്തെടുത്തു. ആദ്യഘട്ടത്തിൽ ഒർലാൻഡോയ്‌ക്കായിരുന്നു മുൻതൂക്കം. ഇടവേളയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് അവർ ലീഡും നേടി. കളിയുടെ അവസാനഘട്ടത്തിലായിരുന്നു മയാമിയുടെ തിരിച്ചുവരവ്.
75–ാം മിനിറ്റിൽ ഒർലാൻഡോയുടെ ഡേവിഡ് ബ്രെക്കാലോ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ മയാമി കളംപിടിച്ചു. പിന്നാലെ മെസി പെനൽറ്റിയിലൂടെ ഗോൾ മടക്കി. കളിതീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ ജോർഡി ആൽബയുടെ നീക്കത്തിൽ അർജന്റീനക്കാരൻ തകർപ്പൻ ഗോളിലൂടെ ലീഡുമൊരുക്കി. പരിക്കുസമയത്ത് ടെലസ്‌കോ സെഗോവിയ ജയം പൂർത്തിയാക്കി. എൽഎ ഗ്യാലക്‌സിയെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് സീറ്റിൽ ഫൈനലിലെത്തിയത്. 2023ലെ ജേതാക്കളാണ് മയാമി.









0 comments