ഓൾ സ്റ്റാർ ഇലവന് വേണ്ടി കളിച്ചില്ല; മെസിക്ക് സസ്‌പെൻഷൻ

മയാമി: അർജന്റൈൻ താരം ലയണൽ മെസിക്ക് മേജർ ലീഗ് സോക്കറിലെ (എംഎൽസ്) ഒരു കളിയിൽ നിന്ന് സസ്‌പെൻഷൻ. എംഎൽസ് ഓൾ സ്റ്റാർ ഇലവന് വേണ്ടി കളിക്കാതിരുന്നതിനാലാണ് മെസിക്ക് ലീഗ് അധികൃതർ സസ്‌പെൻഷൻ നൽകിയത്. ഇന്റർ മയാമിയിലെ മെസിയുടെ സഹതാരമായ ജോർദി ആൽബയേയും സമാന കാരണത്താൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
മെക്‌സിക്കോയിലെ ലിഗ എംഎക്‌സും എംഎസ്‌എല്‍ ഓൾ സ്റ്റാര്‍ ഇലവനും തമ്മിലുള്ള മത്സരത്തില്‍ നിന്ന് കൃത്യമായ കാരണങ്ങളില്ലാതെ പിന്മാറിയതിനാലാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. എഫ് സി സിൻസനാറ്റിയുമായുള്ള മത്സരമായിരിക്കും ഇരുതാരങ്ങൾക്കും സസ്‌പെൻഷൻ മൂലം നഷ്ടമാവുക.
‘ലയണൽ മെസി ഈ ലീഗിനെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എംഎൽഎസിനായി മെസിയേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്‌ത ഒരു കളിക്കാരനോ മറ്റാരെങ്കിലുമോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്‍റെ തീരുമാനത്തെയും ഞാൻ ബഹുമാനിക്കുന്നു. നിർഭാഗ്യവശാൽ, ഓൾ സ്റ്റാർ ഗെയിമിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ദീർഘകാലമായി നിലനിൽക്കുന്ന ഒരു നയമുണ്ട്. അത് നടപ്പിലാക്കാതെ പറ്റില്ല. ലീഗിന്റെ നയങ്ങള്‍ വേണ്ടി വന്നാല്‍ പുനഃപരിശോധിക്കും.’– എംഎല്‍എസ് കമ്മീഷണർ ഡോൺ ഗാർബർ പറഞ്ഞു.









0 comments