മോശം പെരുമാറ്റം; എംഎൽഎസിലും സുവാരസിന് വിലക്ക്

വാഷിങ്ടൺ: ഇന്റർ മയാമി മുന്നേറ്റതാരം ലൂയിസ് സുവാരസിന് മേജർ ലീഗ് സോക്കർ (എംഎൽഎസ്) മൂന്ന് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. മോശം പെരുമാറ്റത്തിനാണ് നടപടി. ലീഗ്‌സ് കപ്പ് ഫുട്‌ബോൾ ഫൈനലിൽ ഇന്റർ മിയാമി താരങ്ങളും സിയാറ്റിൽ സൗണ്ടേഴ്‌സ് താരങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ എതിർടീം സഹപരിശീലനകന് നേരെ താരം തുപ്പുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ലീഗ്‌സ് കപ്പ് ടൂർണമെന്റിൽ താരത്തിന് ആറ് മത്സര വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് എംഎൽഎസിന്റെ നടപടി.
സംഭവത്തിൽ പരസ്യമായി മാപ്പു ചോദിച്ച് സുവാരസ് രംഗത്തെത്തിയിരുന്നു. കളിയുടെ അവസാനം സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. അത് പിരിമുറുക്കവും നിരാശയും നിറഞ്ഞ ഒരു നിമിഷമായിരുന്നു, പക്ഷേ അത് എന്റെ പ്രതികരണത്തെ ന്യായീകരിക്കുന്നില്ല. ഞാൻ ഒരു തെറ്റ് ചെയ്തു, അതിൽ എനിക്ക് ആത്മാർഥമായി ഖേദമുണ്ടെന്ന് താരം സോഷ്യൽ മീഡിയിൽ കുറിച്ചു.
സെപ്തംബർ ഒന്നിന് നടന്ന മത്സരത്തിൽ ലയണൽ മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങൾ അണിനിരന്ന മയാമിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിയാറ്റിൽ സൗണ്ടേഴ്‌സ് തകർത്തത്.









0 comments