ചാമ്പ്യൻ തുടക്കം; ലിവർപൂൾ ബോണിമ‍ൗത്തിനെ 4–2ന്‌ കീഴടക്കി

lfc fb imag.png

PHOTO: Facebook

വെബ് ഡെസ്ക്

Published on Aug 17, 2025, 03:17 AM | 1 min read

ലണ്ടൻ: ദ്യേഗോ ജോട്ടയുടെ ഓർമകളിൽ പന്ത്‌ തട്ടിയ ലിവർപൂളിന്‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പുതിയ സീസണിൽ വിജയത്തുടക്കം. ബോണിമ‍ൗത്തിനെതിരെ 4–2ന്റെ നാടകീയ ജയമാണ്‌ ചാമ്പ്യൻമാർ കുറിച്ചത്‌. ആൻഫീൽഡിൽ വൈകാരികമായ മത്സരമായിരുന്നു ലിവർപൂളിന്‌. കാറപകടത്തിൽ മരിച്ച സഹതാരം ദ്യേഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സിൽവയുടെയും ഓർമകൾക്കുമുന്നിൽ ഒരുനിമിഷം മ‍ൗനമാചരിച്ചാണ്‌ മത്സരം തുടങ്ങിയത്‌. മത്സരശേഷം മുഹമ്മദ്‌ സലായുൾപ്പെടെയുള്ള താരങ്ങൾ വിങ്ങിപ്പൊട്ടി. ജൂലൈയിലായിരുന്നു ജോട്ടയുടെയും ആന്ദ്രേയുടെയും അപകട മരണം. സ്വന്തം തട്ടകത്തിൽ ലിവർപൂളിന്‌ ആക്രമണത്തിൽ തെളിയാനായെങ്കിലും പ്രതിരോധത്തിൽ തിരിച്ചടിയായിരുന്നു. സീസണിലെത്തിയ മുന്നേറ്റക്കാരൻ ഹ്യൂഗോ എകിടികെ ഒരു ഗോളടിച്ചും മറ്റൊന്നിന്‌ അവസരമൊരുക്കിയും മിടുക്കുകാട്ടി. കോഡി ഗാക്‌പോയുടെ ഗോളിനാണ്‌ എകിടികെ അവസരമൊരുക്കിയത്‌. രണ്ടാംപകുതിയുടെ തുടക്കത്തിൽ രണ്ട്‌ ഗോൾ ലീഡിലായിരുന്നു ലിവർപൂൾ. ബോണിമ‍ൗത്തിന്റെ തിരിച്ചുവരവാണ്‌ പിന്നീട്‌ കണ്ടത്‌. അന്റോയ്‌ൻ സെമെന്യോ 12 മിനിറ്റിനിടയിൽ തൊടുത്ത രണ്ട്‌ ഗോളുകൾ ലിവർപൂളിനെ ഭയപ്പെടുത്തി. അവരുടെ പ്രതിരോധ ദ‍ൗർബല്യം വെളിപ്പെടുകയും ചെയ്‌തു. ഇതിനിടെ സെമെന്യോയെ കാണികളിലൊരാൾ വംശീയമായി അധിക്ഷേപിച്ചു. റഫറി ആന്റണി ടെയ്‌ലർ കളി അൽപ്പസമയം നിർത്തിവയ്‌ക്കുകയായിരുന്നു. കളിയുടെ അവസാന ഘട്ടത്തിലാണ്‌ ലിവർപൂൾ തിരിച്ചടിച്ചത്‌. ഫ്ളോറിയൻ വിറ്റ്‌സിന്‌ പകരക്കാരനായെത്തിയ ഫെഡറികോ കിയേസ കളി തീരാൻ രണ്ട്‌ മിനിറ്റ്‌ ശേഷിക്കെ ആർണെ സ്ലോട്ടിന്റെ സംഘത്തെ മുന്നിലെത്തിച്ചു. സലായുടെ ക്രോസ്‌ ഗോൾ കീപ്പർ ദ്യോർദെ പെട്രോവിച്ച്‌ തടഞ്ഞെങ്കിലും കിയേസയുടെ കാലിലാണ്‌ കിട്ടിയത്‌. ആ നിമിഷം ഇറ്റലിക്കാരൻ ലക്ഷ്യംകണ്ടു. പരിക്കുസമയത്ത്‌ സലാ പട്ടിക പൂർത്തിയാക്കി. മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്സ്പർ മൂന്ന് ഗോളിന് ബേൺലിയെ തകർത്തു. റിച്ചാർലിസൺ ഇരട്ടഗോൾ നേടി. സണ്ടർലൻഡ് സമാന സ്കോറിന് വെസ്റ്റ്ഹാമിനെയും കീഴടക്കി. ആസ്റ്റൺവില്ല– ന്യൂകാസിൽ യുണെെറ്റഡ് മത്സരം ഗോളില്ലാതെ പിരിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home